ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള ഭാര്യയുടെ ചികിത്സയുടെ ആവശ്യാനുസരണം ഗൈനക്കോളജി വിഭാഗത്തിലെത്തിയ ഭർത്താവിനെ മാസ്ക് വയ്ക്കാത്തതിന്റെ പേരിൽ ഹൈവേ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി.
ഇയാളെ ബലമായി വാഹനത്തിൽ കയറ്റി ഡോർ അടച്ചപ്പോൾ ഇതിനിടയിൽപ്പെട്ട് കാലൊടിഞ്ഞതായും പരാതി.കോട്ടയം പള്ളം കരുണാലയം വീട്ടിൽ അജി (45)ക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാവിലെ 10.30ന് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലാണ് സംഭവം.
അജിയുടെ ഭാര്യ കുമാരനല്ലൂർ സ്വദേശിനിയായ 42 കാരി മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ ഗർഭപാത്ര സംബന്ധമായ ചികിത്സയിലാണ്. ഇന്നലെ രാവിലെ അജി, ഭാര്യയുടെ പരിചരണത്തിനു ശേഷം ഗൈനക്കോളജി മന്ദിരത്തിന്റെ മുൻവശമുള്ള സിമന്റ് ബഞ്ചിൽ കിടന്നുറങ്ങുകയായിരുന്നു.
ഭാര്യ ഫോണ് വിളിച്ചതിനെ തുടർന്ന് എഴുന്നേറ്റ് മുഖം കഴുകുന്നതിനിടയിൽ ഹൈവേ പോലീസ് സ്ഥലത്തെത്തി.തുടർന്ന് അജിയെ പോലീസ് വാഹനത്തിന് സമീപത്തേക്കു വിളിപ്പിക്കുകയും മാസ്ക് വയ്ക്കാത്തതിനു പിഴ അടയ്ക്കണമെന്നും പറഞ്ഞു.
മാസ്ക് ഉണ്ടെന്നും ഉറക്ക ശേഷം മുഖം കഴുകിയപ്പോൾ മാസ്ക് മാറ്റിയതാണെന്നും അജി പറഞ്ഞു. ഇതിൽ ക്ഷുഭിതനായ പോലീസ് ഉദ്യോഗസ്ഥൻ പോലീസിനെ നിയമം പഠിപ്പിക്കുകയാണോ എന്നു ചോദിച്ച് അജിയുടെ കഴുത്തിന് പിടിച്ചു.
എന്തു കാര്യത്തിനാണ് തന്നെ ഉപദ്രവിക്കുന്നതെന്നു അജി ചോദിച്ചെങ്കിലും പോലീസ് വാഹനത്തിലേക്കു ബലമായി പിടിച്ചു കയറ്റി. കയറ്റുന്നതിനിടയിൽ ഡോറിനിടയിൽ ഇടത് കാൽ കുടുങ്ങി. ഈ സമയം പോലീസ് മൂന്നു തവണ ഡോർ അടയ്ക്കുകയുണ്ടായി.
കാൽ വേദനയിൽ പുളഞ്ഞ അജിയെ ഗാന്ധിനഗർ സ്റ്റേഷനിലെത്തിക്കുകയും പിന്നീട് പറഞ്ഞു വിടുകയും ചെയ്തു.തുടർന്നു അജി മെഡിക്കൽ കോളജിൽ തന്നെ ചികിത്സ തേടി. ഇപ്പോൾ പ്ലാസ്റ്ററിട്ട കാലുമായാണ് ഭാര്യയുടെ സഹായത്തിനു ഗൈനക്കോളജി വിഭാഗത്തിനു മുന്നിൽ ഇരിക്കുന്നത്.
അകാരണമായി തന്നെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരേ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകുമെന്ന് അജി പറയുന്നു.