സ്വന്തംലേഖകൻ
തൃശൂർ: വാഹനയാത്രക്കാർക്ക് ആശ്വാസമാകാൻ തുടങ്ങിയ ഹൈവേ പോലീസ് സംവിധാനം ശത്രുക്കളായി മാറിയിരിക്കയാണെന്ന് ആക്ഷേപം ഉയരുന്നു. മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ കാലത്താണ് ദേശീയ പാതകളിൽ വാഹന യാത്രക്കാരെ സഹായിക്കുന്നതിനായി ഹൈവേ പോലീസ് എന്ന സംവിധാനം കൊണ്ടുവന്നത്.
അന്ന് ഡിജിപിയായിരുന്ന കെ.ജെ.ജോസഫിന്റെ ആശയമായിരുന്നു പുതിയ സംവിധാനം. ദേശീയപാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ സഹായിക്കുക, ഗതാഗത കുരുക്ക് ഇല്ലാതാക്കുക, യാത്രക്കാരുടെ ആവശ്യങ്ങളിൽ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഹൈവേ പോലീസിനെ രംഗത്തിറക്കിയത്. ഇതിനാണ് രാത്രിയും പകലുമായി 24 മണിക്കൂറും ഹൈവേ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചത്.
ലോക്കൽ പോലീസിനെ പലപ്പോഴും ദേശീയപാതയിലെ ഗതാഗതകുരുക്കഴിക്കാനും മറ്റു സഹായങ്ങൾക്കും ലഭിക്കാത്ത സാഹചര്യമുള്ളതുകൊണ്ടാണ് ഹൈവേ പോലീസെന്ന ആശയം പ്രാവർത്തികമാക്കിയത്. തൃശൂർ രാമവർമപുരം പോലീസ് അക്കാദമിയിൽ ഹൈവേ പോലീസിന്റെ ഉദ്ഘാടനം നടത്തിയപ്പോൾ ജനങ്ങൾക്ക് ഏറെ ആശ്വാസവും സഹായകവുമാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഹൈവേ പോലീസ് വാഹന യാത്രക്കാരുടെ ശത്രുക്കളായി മാറിയിരിക്കയാണ്.
പോലീസിന് പണപ്പിരിവിന് മറ്റൊരു വഴി തുറക്കുക മാത്രമാകും ഹൈവേ പോലീസെന്ന ആശയമെന്ന് അന്നു തന്നെ അഭിപ്രായം ഉയർന്നിരുന്നു. അങ്ങനെയുണ്ടാകില്ലെന്ന് അന്നത്തെ ഡിജിപി കെ.ജെ.ജോസഫ് വ്യക്തമാക്കുകയും ചെയ്തു.
ഹൈവേ പോലീസിനെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനമുണ്ടാകുമെന്നാണ് വ്യക്തമാക്കിയത്. പക്ഷേ കാലങ്ങൾ കഴിഞ്ഞതോടെ ഹൈവേ പോലീസ് വാഹന യാത്രക്കാരെ പരമാവധി ഉപദ്രവിക്കുന്നവരും പണപ്പിരിവും മാത്രമായി മുഖ്യ ലക്ഷ്യമെന്ന് പോലീസിലെ തന്നെ ചില ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത് നിയന്ത്രിക്കാൻ വേണ്ട ഇടപെടലുകൾ ഉണ്ടാകാത്തതാണ് കാരണമെന്നാണ് ഇവരുടെ അഭിപ്രായം.
ഹൈവേ പോലീസിന്റെ ഡ്യൂട്ടിക്ക് സത്യസന്ധരായ എസ്ഐമാരെയും പോലീസുകാരെയുമാണ് മുന്പൊക്കെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. കൂടാതെ വാഹന യാത്രക്കാരോട് മാന്യമായി പെരുമാറുന്നവരെ ഡ്യൂട്ടിക്ക് നിയോഗിക്കാവൂവെന്നും പ്രത്യേകം നിർദ്ദേശിച്ച കാലമുണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ പഴയ കഥയായി മാറി. വാഹന യാത്രക്കാരെ തടഞ്ഞുനിർത്തി നിസാര കാര്യം പറഞ്ഞ് പണപ്പിരിവു നടത്തുക മാത്രമായി പ്രധാന ജോലി.
തൃശൂർ ജില്ലയിൽ മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിൽ ഹൈവേ പോലീസ് കൊള്ളയാണ് നടത്തുന്നത്. രാവിലെ മുതൽ തന്നെ കള്ളുവണ്ടിക്കാരെയും ടിപ്പർ ലോറിക്കാരെയും പിടിച്ചു നിർത്തി പണപ്പിരിവു നടത്തുകയാണ് പ്രധാന ജോലി. കള്ളുവണ്ടിക്കാർ എക്സൈസ് വകുപ്പിന്റെ എല്ലാ പരിശോധനയും കഴിഞ്ഞാണ് വരുന്നത്. പക്ഷേ പോലീസിനെയും വേണ്ടതു പോലെ കണ്ടാലേ ഇവർക്ക് പോകാനാകൂ. മണ്ണുത്തി, പട്ടിക്കാട് എന്നിവിടങ്ങളിൽ പോലീസ് സ്റ്റേഷനുകളുണ്ട്.
പോലീസിന്റെ സാന്നിധ്യമില്ലാത്ത കുതിരാൻ, വാണിയന്പാറ മേഖലകളിൽ ഉപയോഗപ്പെടുത്താനാണ് പ്രധാനമായും ഹൈവേ പോലീസിനെ നിയോഗിച്ചിരുന്നത്. പലപ്പോഴും കുതിരാനിൽ കുരുക്കുണ്ടാകുന്പോൾ ഹൈവേ പോലീസിനെ കാണാറില്ല. ആരെങ്കിലും വിവരം പറയുന്പോഴാണ് ഓടിക്കിതച്ച് ഹൈവേ പോലീസ് കുതിരാൻ ഭാഗത്തെത്താറുള്ളത്. അതുവരെ മണ്ണുത്തി, പീച്ചി പോലീസ് സ്റ്റേഷനുകൾക്കിടയിൽ വാഹന പിരിവ് നടത്തുന്ന തിരക്കിലായിരിക്കും ഹൈവേ പോലീസ്.
സംസ്ഥാനത്തു തന്നെ ഏറെ നാണക്കേട് വരുത്തിയ ഹെൽമറ്റ് വേട്ടയിൽ ബൈക്ക യാത്രക്കാരൻ മരിക്കാനിടയായ സംഭവം മണ്ണുത്തി ഹൈവേ പോലീസാണ് നടത്തിയത്. മണ്ണുത്തി പോലീസ് സ്റ്റേഷനടുത്ത് വെട്ടിക്കലിൽ ഹെൽമറ്റ് വേട്ട നടത്തുന്നതിനിടയിൽ ഭാര്യയുമായി വന്നയാളെ തടഞ്ഞതിനെ തുടർന്ന് അപകടത്തിൽ പെട്ട് യുവാവ് മരണപ്പെട്ടിരുന്നു.
ഇതേ തുടർന്ന ഏറെ പ്രശ്നങ്ങളുണ്ടായതോടെ വാഹന പരിശോധനയും ഹെൽമറ്റ് വേട്ടയുമൊക്കെ തൽക്കാലം ഒഴിവാക്കിയിരുന്നു. എന്നാൽ ആ പ്രശ്നങ്ങളൊക്കെ ഒഴിഞ്ഞതോടെ വീണ്ടും വാഹന പരിശോധനയുമായി മണ്ണുത്തി, പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ നിലയുറപ്പിച്ചിരിക്കയാണിപ്പോൾ. പോലീസ് പരിശോധിക്കുന്ന വാഹനത്തിനടുത്തു ചെല്ലണമെന്നാണ് നിയമമെങ്കിലും ഇവർക്ക് അതൊന്നും ബാധകമല്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ച് പ്രത്യേകം നിർദ്ദേശം നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് പോലീസ്. സിറ്റി പോലീസ് കമ്മീഷണർക്കാകട്ടെ ഹൈവേ പോലീസിന്റെ ജനദ്രോഹ നടപടികൾ നോക്കാൻ സമയവുമില്ല. ഇതോടെ വാഹനയാത്രക്കാർക്ക് ആശ്വാസമാകാൻ നിയോഗിച്ച സംവിധാനം ശത്രുക്കളായി മാറിയിരിക്കയാണെന്നാണ് വാഹനയാത്രക്കാരുടെ അഭിപ്രായം.