തലയോലപ്പറന്പ്: വൈക്കം പിറവംറോഡ് റയിൽവേ സ്റ്റേഷനു മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് തെളിക്കുന്നതിനു അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. രണ്ട് വർഷം മുന്പ് സ്ഥാപിച്ച ലൈറ്റ് ഒന്നര വർഷം കഴിഞ്ഞപ്പോഴേക്കും കണ്ണടച്ചു. വാഹന പാർക്കിംഗ് ഏരിയയിലാകെയും റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി നിരത്തിലെത്തുന്നവർക്കും ഈ ലൈറ്റ് ഏറെ ഉപകാരപ്രദമായിരുന്നു.
ലൈറ്റണഞ്ഞതോടെ പാർക്കിംഗ് ഏരിയയിൽ വാഹനത്തിലെത്തിയും സംഘം ചേർന്നും മദ്യപിക്കാനെത്തുന്നവർ വർധിച്ചു വരികയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇനി ലൈറ്റിന്റെ അറ്റകുറ്റപണി നടത്തുന്പോൾ എൽ ഇ ഡി ബൾബുകൾ ഉപയോഗിക്കണമെന്ന അഭിപ്രായമാണു നാട്ടുകാർക്കുള്ളത്.
എൽ ഇ ഡിയാകുന്പോൾ വൈദ്യുതി ചാർജിനത്തിൽ പഞ്ചായത്തിനു വൻ തുക ലാഭിക്കാനുമാകും. ലൈറ്റ് തെളിക്കുന്നതിനു അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.