പാലക്കാട്: പട്ടാന്പി മിനിമാസ്റ്റ് ഹൈമാസ്റ്റ് ലൈറ്റ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവേഗപ്പുറ പഞ്ചായത്തിൽ ഉൾപ്പെടുത്തേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് ഉടനെ ലഭ്യമാക്കാൻ മുഹമ്മദ് മുഹ്സിൻ എം.എൽ.എ പട്ടാന്പി താലൂക്ക് വികസനസമിതി യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അറ്റകുറ്റപണി നടക്കുന്ന പട്ടാന്പി പുലാമന്തോൾ റോഡിലൂടെ ചെറിയ വാഹനങ്ങൾക്ക് യാത്ര സാധ്യമാണെന്ന് പി.ഡബ്ലിയു.ഡി അധികൃതർ യോഗത്തിൽ അറിയിച്ചു. ലൈഫ് മിഷൻ ഭവന പദ്ധതിയുടെ ഗുണഭോക്താക്കളിൽ റേഷൻ കാർഡ് ലഭിക്കാൻ ബാക്കിയുള്ളവരുടെ ഗുണഭോക്തൃലിസ്റ്റ് പഞ്ചായത്തുകളിൽനിന്നും നൽകിയാലുടൻ കാർഡ് ലഭ്യമാക്കുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ യോഗത്തിൽ അറിയിച്ചു.
അനധികൃത കൈയേറ്റങ്ങൾ തടയുക, കൂറ്റനാട് തണ്ണീർകോട്, കൂറ്റനാട് പടിഞ്ഞാറങ്ങാടി റോഡുകളുടെ അറ്റകുറ്റപണി പൂർത്തിയാക്കൽ മുതുതല പരുതൂർ റോഡ് വീതി കൂട്ടൽ, കൂറ്റനാട് സെന്ററിൽ സിഗ്നൽ സ്ഥാപിക്കൽ, സീബ്ര ക്രോസിങ് പുനഃസ്ഥാപിക്കൽ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു.
പട്ടാന്പി താലൂക്ക് മിനി സിവിൽസ്റ്റേഷൻ കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ശാരദ അധ്യക്ഷയായി. പട്ടാന്പി തഹസിൽദാർ സി.ആർ കാർത്ത്യായനി, ഡെപ്യൂട്ടി തഹസിൽദാർ വി.പി സെയ്തുമുഹമ്മദ്, ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.