മുളങ്കുന്നത്തുകാവ്: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷമായിട്ടും തുറക്കാത്ത സംസ്ഥാനത്തെ ഏക ഹൈടെക് ജയിലിൽ 59 ജീവനക്കാർ കാര്യമായ പണിയൊന്നുമെടുക്കാതെ പ്രതിവർഷം ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷത്തിലധികം രൂപ കൈപ്പറ്റുന്നു. ഇന്ത്യയിലെ മൂന്നാമത്തെ ഹൈടെക് ജയിലാണ് വിയ്യൂരിലുള്ളത്. 59 ജയിൽ ജിവനക്കാർ ജോലി ചെയ്യാതെ ശന്പള ഇനത്തിൽ സർക്കാരിൽനിന്നും വാങ്ങുന്നതു മാസത്തിൽ 11,30,340 രൂപയാണ്. പ്രതിവർഷം ഖജനാവിൽനിന്നും “വെറുതെ’ പോകുന്നത് ഒരു കോടി മൂപ്പത്തിയഞ്ച് ലക്ഷത്തി അറുപത്തിനാലായിരം രൂപ.
തീവ്രവാദമുൾപ്പടെയുള്ള കേസുകളിലെ ഭീകര കുറ്റവാളികളെ പാർപ്പിക്കാൻ വേണ്ടിയാണ് അതീവ സുരക്ഷാ ജയിൽ വിയ്യൂരിൽ നിർമിച്ചത്. ഒന്പത് ഏക്കർ വരുന്ന സ്ഥലത്ത് ആധുനിക സജ്ജീകരണങ്ങളോടെ അതിമനോഹരമായാണ് കെട്ടിടം പണിതിട്ടുള്ളത. 2016 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തുവെങ്കിലും ഇതുവരെയും ജയിൽ പ്രവർത്തനം തുടങ്ങിയിട്ടില്ല. രാജ്യദ്രോഹ കുറ്റങ്ങൾ, തീവ്രവാദകേസുകൾ, വധശിക്ഷയക്ക് വിധിക്കപ്പെ ട്ടവർ എന്നിവർ ഉൾപ്പടെയുള്ള തടവുകാരെ ർപ്പിക്കാൻ വേണ്ടി 31 കോടി രൂപ ചെലവഴിച്ചാണ് അതീവ സുരക്ഷാ ജയിൽ യാഥാർത്ഥ്യമാക്കിയത്.
2016ൽ ജയിൽ ഡിജിപി സർക്കാരിലേക്ക് 103 തസ്തിക അനുവദിച്ചുതരാൻ അപേക്ഷ നൽകിയിരുന്നു. ഇതു പ്രകാരം വനിത തടവുകാർ ഇല്ലാത്തതുമൂലം വനിത എക്സിക്യൂട്ടിവ് ജീവനക്കാരെ ഒഴിവാക്കി 49,740 രൂപ ശന്പള സ്കെയിലിൽ ജയിൽ സൂപ്രണ്ടിന്റെ തസ്തിക അനുവദിച്ചു.
ജോയിന്റ് സൂപ്രണ്ട്(38,840 രൂപ), ഡെപ്യൂട്ടി സൂപ്രണ്ട്(36,140 രൂപ), അസി.സൂപ്രണ്ട് ഗ്രേഡ് വണ് ഇനത്തിൽ മൂന്ന് തസതിക (29, 180 രൂപ), അസി. സൂപ്രണ്ട് ഗ്രേഡ് ടു തസ്തികയിൽ മൂന്ന്(25,280 രൂപ), ജയിൽ ഓഫീസർ ഒന്ന്(24,040 രൂപ), ഗേറ്റ് കീപ്പർ ഒന്ന്(24,040 രൂപ), ഡെപ്യൂട്ടി ജയിൽ ഓഫീസർമാർ എട്ടെണ്ണം (24040 രൂപ), അസി.ജയിൽ ഓഫിസർമാർ തസതിക 31 എണ്ണം(18,300 രൂപ), വെൽഫയർ ഓഫീസർ ഒന്ന് (33,680 രൂപ), ടെക്നിക്കൽ വിഭാഗം പ്ലംബർ ഒന്ന് (14,360 രൂപ), ഇലക്ട്രീഷ്യൻ ഒന്ന്(15,780 രൂപ), ഇൻസ്ട്രമെന്റേഷൻ അസിസ്റ്റന്റ് ഒന്ന് (29,180), മെഡിക്കൽ ഓഫീസർ ഒന്ന്(36,140 രൂപ), സ്റ്റാഫ് നഴ്സ് തസ്തിക രണ്ട് (24,020 രൂപ), ഫാർമസിസ്റ്റ് ഒന്ന് (22,260 രൂപ), ലാബ് ടെക്നീഷ്യൻ ഒന്ന് (20,240 രൂപ) എന്നിങ്ങനെ 59 തസ്തികകൾ അനുവദിച്ചുകൊണ്ട് ഗവർണർക്കു വേണ്ടി അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് ഉത്തരവ് ഇറക്കിയത്.
തസ്തികകൾ അനുവദിച്ച് ഉത്തരവ് ആയെങ്കിലും ജയിലിൽ ഇനിയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്നാണ് പറയുന്നത്. ജയിലിനു ചുറ്റിലും ഉള്ളിലുമായി അന്പതോളം സി സി ടിവികൾ സ്ഥാപിക്കണം. ഇവ ജയിൽകവാടത്തിന്റെ ഭാഗമായുള്ള കെട്ടിടത്തിൽ ഇരുന്ന് നിയന്ത്രിക്കാൻ കഴിയുന്ന സെൻട്രൽ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പുറത്ത് നാലു ഭാഗത്ത് കൂറ്റൻ നിരീക്ഷണ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ അവസാന മിനുക്കുപണികൾ നടന്നുവരികയാണ്.
സംസ്ഥാനത്തെ ആദ്യത്തെ അതീവ സുരക്ഷാ ജയിൽ തുറക്കുന്ന കാര്യത്തിൽ അതീവ ഗുരുതരമായ വീഴ്ചയാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിരവധി കൊടുംകുറ്റവാളികൾ യാതൊരു സുരക്ഷയും ഇല്ലാത്ത തടവറകളിലാണ് കഴിയുന്നത്. അത്തരം കുറ്റവാളികളെ വിയ്യൂരിലെ ഹൈ സെക്യൂരിറ്റി ജയിലിലേക്ക് മാറ്റി സുരക്ഷ ഉറപ്പാക്കാനുള്ള നീക്കം ഉണ്ടായിട്ടില്ല.
വിവിധ സ്ഥലങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്തിയ കേസിൽ കേന്ദ്ര കുറ്റാന്വേഷണ വിഭാഗം തമിഴ്നാട്ടിൽനിന്നും പിടികൂടിയ പ്രതി വിയ്യൂർ ജയിലിൽ അടുത്തിടെ ആത്മഹത്യക്കു ശ്രമിച്ചിരുന്നു. സുരക്ഷാസംവിധാനം കുറഞ്ഞ മറ്റു തടവുകാരുടെ കൂടെയാണ് ഇയാളെ പാർപ്പിച്ചിരുന്നത് ഇത്തരത്തിൽ പല കൊടുംകുറ്റവാളികളും വിയ്യൂർ ജയിലിൽ വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളില്ലാതെ കഴിയുന്നുണ്ട്. കൊടുംകുറ്റവാളികൾ സുരക്ഷയില്ലാത്ത ജയിലുകളിൽ “സുഖമായി’ കഴിയുന്പോൾ ഇവരെ പാർപ്പിക്കാനായി നിർമിച്ച ഹൈടെക് ജയിൽ ശൂന്യമായി കിടക്കുകയാണ്.