കൊച്ചി: സംവിധായകൻ ഹേമന്ദ് ജി. നായരുടെ ഹിഗ്വിറ്റ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫിലിം ചേംബർ നടപടിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
അണിയറ പ്രവർത്തകരുമായി ഫിലിം ചേംബർ ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഈ നീക്കം. പേരുമായി മുന്നോട്ട് പോകാൻ എൻ.എസ്. മാധവന്റെ എൻഒസി ആവശ്യമാണെന്നും വിഷയത്തിൽ ഫിലിം ചേംബർ നിസഹായരാണെന്ന് അറിയിക്കുകയായിരുന്നു.
എൻ.എസ്. മാധവന് അനുകൂലമായി നിലപാടെടുത്തെന്ന പേരിൽ വിമർശനം നേരിടവെയാണ് ഫിലിം ചേംബർ ചർച്ചയ്ക്ക് തയാറായത്. പേര് മാറ്റില്ലെന്ന നിലപാടിൽ, നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ഹിഗ്വിറ്റ എന്ന ജീവിച്ചിരിക്കുന്ന കൊളംബിയൻ ഗോളിയുടെ പേരാണ് സിനിമക്ക് എടുത്തിരിക്കുന്നതെന്നും, എൻ.എസ് മാധവൻ എഴുതിയ കഥയ്ക്കും മുന്പേ പ്രശസ്തനാണ് അദേഹമെന്നും സംവിധായകൻ ഹേമന്ത് ജി. നായർ പറഞ്ഞു.
വിഷയത്തിൽ ഫിലിം ചേംബർ നിസഹായരാണ് എന്നാണ് അറിയിച്ചത്. എൻ.എസ്. മാധവന്റെ എൻഒസി വേണമെന്ന് അറിയിച്ചു. ഈ പേരുമായി മാത്രമാണ് മുന്നോട്ട് പോവുക. നിയമപരമായി നേരിടുമെന്നും സംവിധായകൻ പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുന്പാണ് സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമാകുന്ന ഹിഗ്വിറ്റയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്.
ഇതിന് പിന്നാലെ തന്റെ ചെറുകഥയുടെ പേര് സിനിമയ്ക്ക് ഉപയോഗിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻ.എസ്. മാധവൻ രംഗത്തെത്തി.
ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.