വി. ശ്രീകാന്ത്
പക്ഷം പിടിക്കാതെ ഒന്നാലോചിച്ചാൽ ‘ഹിഗ്വിറ്റ’ പേര് വിവാദം ശരിക്കും അനാവശ്യമല്ലേ. സംവിധായകൻ ഹേമന്ത് ജി. നായർ തന്റെ ആദ്യ സിനിമയ്ക്ക് ഒരു ‘പഞ്ചിന്’ ആയി ഇട്ട ഹിഗ്വിറ്റ എന്ന പേര് ഇപ്പോൾ വിവാദക്കളത്തിൽ കിടന്ന് ഉരുളുകയാണ്.
ലോകകപ്പ് ഫുട്ബോൾ നടക്കുന്ന ഈ വേളയിൽ കഥാകാരൻ എൻ.എസ്. മാധവനാണ് വിവാദത്തിന് തിരികൊളുത്തിയത്. താൻ ചെയ്തതിൽ തെറ്റില്ലെന്ന് ഏറ്റുപിടിച്ച് ഹേമന്തും പിന്നാലെയുണ്ട്.
ഫിലിം ചേംബറാകട്ടെ സിനിമയ്ക്കിട്ട പേര് മാറ്റണമെന്നും ഇല്ലെങ്കിൽ കഥാകാരന്റെ അനുവാദത്തോടെ പേരിടണമെന്നും പറയുന്പോൾ ശരിക്കും കുഴഞ്ഞ് പോകുന്നത് സംവിധായകനല്ലേ. ഒരു പേരിന്റെ പേരിൽ ഇത്രയ്ക്ക് പൊല്ലാപ്പുണ്ടാക്കണ്ട കാര്യമുണ്ടോ.
വിവാദത്തിനായി ഒരു വിവാദം
ഈ പോക്ക് പോയാൽ ഒരാളുടെ പേര് മറ്റൊരാൾ ഇടാൻ പാടില്ലായെന്നു പറഞ്ഞ് ഇനി ഒരാൾ വന്നാൽ ശരിക്കും പുലിവാലാകില്ലേ.
കഥ എഴുതുന്പോൾ ഒരാൾ സ്വാതന്ത്ര്യത്തോടെ കൊളംബിയ ഗോൾ കീപ്പർ ഹിഗ്വിറ്റയുടെ പേര് തലവാചകമായി നൽകിയപ്പോൾ അങ്ങ് കൊളംബിയയിൽനിന്നു ഹിഗ്വിറ്റ പറന്നുവന്ന് ഇത് തന്റെ പേരാണ് തന്റെ അനുവാദം കൂടാതെ കഥയ്ക്ക് പേരിട്ടത് ശരിയായില്ലായെന്നു പറഞ്ഞിരുന്നെങ്കിലോ…
അത്രമാത്രം ആലോചിച്ചിൽ തീരുന്ന പ്രശ്നമേ ഇവിടെ ഉണ്ടായിരുന്നുള്ളു. പക്ഷേ എന്തുകൊണ്ടോ വിവാദത്തിനായി ഒരു വിവാദം പൊങ്ങി വന്നു. അതിപ്പോൾ തലങ്ങും വിലങ്ങും കിടന്ന് കളിക്കുകയാണ്.
കഥയില്ലാ കഥ
ഇത് ശരിക്കു പറഞ്ഞാൽ കഥയില്ലാ കഥയല്ലേ. സോഷ്യൽ മീഡിയയിൽ 2020-ൽ ചിത്രത്തിന്റെ പേര് പല പ്രമുഖ താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ വച്ച് എല്ലാവരേയും അറിയിച്ചതാണ്.
സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പേര് സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങുകയും ചെയ്തതാണ്.
അന്നൊന്നും ഇല്ലാതിരുന്ന പരാതി സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടതോടെ കഥാകാരൻ എൻ.എസ്. മാധവൻ ഉയർത്തുന്പോൾ എന്തോ എവിടെയോ ഒരു തകരാർ ഉള്ളതുപോലെ ആർക്കും തോന്നി പോകും. എൻ.എസ്. മാധവന്റെ നിലപാട് എന്തോ ബാലിശമായി മാത്രമേ കാണാൻ കഴിയു.
സിനിമയുടെ ഗതി
റിലീസിനായി തയാറെടുത്തിരിക്കുന്ന ചിത്രം ഇത്തരമൊരു വിവാദത്തിന്റെ പേരിൽ ചുഴിയിൽപ്പെട്ടാൽ ശരിക്കും കുരുങ്ങില്ലേ. കഥാകാരന്റെ അനുവാദത്തിനായി കാത്ത് ഒടുവിൽ ആ പേര് ഇടാൻ കഥാകാരൻ അനുവദിച്ചില്ലേൽ സിനിമ തുലാസിലാകും.
ഈ സിനിമയ്ക്ക് മുന്നിലും പിന്നിലും പണിയെടുത്ത എത്രയോ പേരുടെ കഷ്ടപ്പാടാണ് ഒരു പേരിനെ ചൊല്ലി കുഴപ്പത്തിലായിരിക്കുന്നത്.
ഇനി അഥവാ പേര് മാറ്റി ചിത്രം പുറത്തിറക്കാൻ തീരുമാനിച്ചാൽ ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉണ്ടാക്കി കൊടുത്ത പഞ്ച് അപ്പാടെ ഇല്ലാണ്ടാകില്ലേ.
ഹിഗ്വിറ്റയെ കഥയിലേക്ക് എൻ.എസ്. മാധവൻ അതിവിദഗ്ധമായി സന്നിവേശിപ്പിച്ചപോലെ സിനിമയ്ക്കായി സംവിധായകൻ ഹേമന്ത് ആ പേര് എടുത്തൂവെന്ന് കരുതിയാൽ തീരുന്ന പ്രശ്നമേ ഇവിടുള്ളു. അതല്ലേ അതിന്റെ ശരി.