ഇറാനില് ഹിജാബിനെതിരായ പ്രക്ഷോഭം കത്തിപ്പടരുമ്പോള് സ്കൂളുകളില് ഹിജാബ് നിരോധിച്ച് സൗദി ഭരണകൂടം.
പെണ്കുട്ടികള് മേലില് ഹിജാബ് ധരിച്ചു കൊണ്ട് പരീക്ഷാഹാളില് പ്രവേശിക്കാന് പാടില്ലെന്നാണ് ഉത്തരവ്.
പരീക്ഷയ്ക്കെത്തുന്ന പെണ്കുട്ടികള് ഹിജാബിന് പകരം സ്കൂള് യൂണിഫോം തന്നെ ധരിക്കണമെന്നാണ് സൗദി എജ്യുക്കേഷന് ആന്ഡ് ട്രെയിനിംഗ് ഇവാലുവേഷന് കമ്മിഷന്റെ നിര്ദ്ദേശം.
ഇതിന് പുറമേ, സൗദിയിലെ ബീച്ചുകളില് ഉള്പ്പെടെ വനിതാ ടൂറിസ്റ്റുകള്ക്ക് ഹിജാബ് നിര്ബന്ധമല്ലെന്ന് സൗദി ടൂറിസം കമ്മിഷന് പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.
ഇന്ത്യയില്, കര്ണാടകത്തിലെ സ്കൂളുകളില് ഹിജാബ് നിരോധിച്ചതിനെതിരേ വ്യാപകമായ പ്രതിഷേധങ്ങള് അരങ്ങേറുമ്പോഴാണ് ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയില് യാഥാസ്ഥിതിക ആചാരം വെടിയുന്ന തീരുമാനം എന്നതാണ് കൗതുകം.
സൗദിയില് ഹിജാബ് നേരത്തെ നിയമപരമായി നിര്ബന്ധമായിരുന്നെങ്കിലും 2018ല് ഇത് നിര്ബന്ധമല്ലാതാക്കി.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന് സല്മാന് നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഭാഗമായാണിത്.
പൊതുസ്ഥലങ്ങളില് വനിതകള് ധരിക്കുന്ന വസ്ത്രം മാന്യമാണെങ്കില് ഹിജാബ് നിര്ബന്ധമല്ലെന്ന് അന്ന് അദ്ദേഹം പ്രഖ്യാപിച്ചത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
കായിക മത്സരങ്ങളില് പങ്കെടുക്കാനും വാഹനമോടിക്കാനുമുള്പ്പെടെ സ്ത്രീകളുടെ അവകാശങ്ങള്ക്കായി സല്മാന് ഒട്ടേറെ പരിഷ്കാരങ്ങളാണ് നടപ്പാക്കിയത്. എന്തായാലും പുതിയ തീരുമാനവും പലരെയും അമ്പരപ്പിച്ചിട്ടുണ്ട്.