ബംഗളൂരു: കർണാടക സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ച കർണാടക സർക്കാരിന് നന്ദി അറിയിച്ച് മുസ്കാൻ.
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചപ്പോൾ ബിജെപി സർക്കാരിനും സംഘപരിവാറിനുമെതിരെ ശബ്ദമുയർത്തിയ പെൺകുട്ടിയാണ് മുസ്കാൻ.
ഹിജാബ് നിരോധനം പിൻവലിച്ചതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, മന്ത്രി സമീർ അഹമ്മദ് ഖാൻ, നിയമസഭാ സ്പീക്കർ യു.ടി ഖാദർ എന്നിവർക്കും മുസ്കാൻ നന്ദി പറഞ്ഞു.
വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഒരാളുടെ സ്വന്തം അവകാശമാണെന്നു വ്യക്തമാക്കിയാണ് പ്രഖ്യാപനം. ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
2022ല്‍ മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. ഹിജാബ് നിരോധനം പിന്‍വലിക്കാനുള്ള ഏത് നീക്കത്തെയും എതിര്‍ക്കുമെന്നു ബിജെപി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഈ തീരുമാനം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് കാരണമാകും.
ഹിജാബ് നിരോധനം പിൻവലിച്ചതോടെ തങ്ങൾക്ക് നീതി കിട്ടിയെന്ന് മുസ്കാൻ പ്രതികരിച്ചു. തങ്ങളുടെ വിശ്വാസ അവകാശമാണ് തിരിച്ചുകിട്ടിയത്. ശിരോവസ്ത്രം വിദ്വേഷത്തിന്റെ പ്രതീകമല്ല. അതിനെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നും മുസ്കാൻ പറഞ്ഞു.