ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാക്കിസ്ഥാൻ. ആക്രമണകാരികളുടെ സംരക്ഷകർ അഫ്ഗാൻ ആസ്ഥാനമായുള്ളവരാണെന്നും ഇന്ത്യയാണ് അവരെ സ്പോൺസർ ചെയ്തതെന്നും പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാൻ ആരോപിച്ചു. ഹൈജാക്കിംഗുമായി ബന്ധപ്പെട്ട കോളുകൾ അഫ്ഗാനിസ്ഥാനിൽനിന്നാണ് വന്നതെന്നതിന് പാക്കിസ്ഥാന്റെ കൈവശം തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച ട്രെയിൻ ആക്രമണം ആരംഭിച്ചതുമുതൽ പാക്കിസ്ഥാൻ സൈന്യവും സർക്കാരും പാക് മാധ്യമങ്ങളും ഇന്ത്യയെ നേരിട്ട് പരാമർശിക്കാതെ കുറ്റപ്പെടുത്തൽ തുടരുകയാണ്. അതേസമയം രാജ്യത്തിന്റെ സൈനിക, ഇന്റലിജൻസ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാ പരാജയങ്ങളെക്കുറിച്ച് പാക്കിസ്ഥാൻ മൗനം തുടരുകയും ചെയ്യുന്നു.
ട്രെയിൻ റാഞ്ചിയ സംഭവത്തിൽ 33 ഭീകരവാദികളടക്കം 58 പേർ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ ആരോപണങ്ങളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, പാക്കിസ്ഥാന്റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നു അഫ്ഗാൻ പ്രതികരിച്ചു.