കഴിഞ്ഞ ഏതാനും ദിവസമായി ചര്ച്ച ചെയ്യപ്പെടുന്ന ചികിത്സാ രീതിയാണ് ഹിജാമ. മലയാളികള്ക്ക് അത്ര പരിചിതമല്ലാത്ത ചികിത്സാ രീതിയാണ് കൊമ്പ് തെറാപ്പിയെന്നും അറിയപ്പെടുന്ന ഹിജാമ. ഇത് അശാസ്ത്രീയമെന്ന് പലരും പറയുമ്പോഴും പൂഞ്ഞാര് സിംഹം പി സി ജോര്ജിന് ഈ ചികിത്സയില് പൂര്ണ്ണവിശ്വാസമാണ്. പി സി ഹിജാമ ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോള് വൈറലായിരിക്കുന്നത്. റാസല്ഖൈമയിലെ ഫിസിയോ തെറാപ്പിസ്റ്റ് സാജിദ് കടക്കലാണ് ജോര്ജിന് ഹിജാമ തെറാപ്പി നടത്തിയത്. ഏഴു മാസം മുന്പും പിസി ഹിജാമ ചെയ്തിരുന്നു. ഇതില് ഫലം കണ്ടതിനെ തുടര്ന്നാണ് വീണ്ടും എത്തിയതെന്നും പ്രവാചകന് സ്വീകരിച്ച രീതി എന്നത് വിശ്വാസം വര്ധിപ്പിക്കുന്നുവെന്നും ജോര്ജ് പറഞ്ഞു.
മുതുകില് കപ്പുമായി ഇരിക്കുന്ന വിഡിയോയും അശുദ്ധ രക്തം നീക്കം ചെയ്യാന് ഗുണകരമാണെന്ന സംഭാഷണവും സോഷ്യല് മീഡിയയില് വൈറലാണ്. പ്രവര്ത്തന സജ്ജമായ മനസ്സുണ്ടാക്കാന് ഇത് ഗുണകരമാകുമെന്ന് പിസി വിഡിയോയില് പറയുന്നു. പ്രവാചകന് മുഹമ്മദ് നബി ഹിജാമ തെറാപ്പി ചെയ്യാന് അനുയായികളെ ഉപദേശിച്ചിരുന്നു. നിങ്ങള്ക്ക് ലഭിച്ച ഏറ്റവും നല്ല ചികിത്സയാണ് ഹിജാമ ചികിത്സഎന്ന് നബി പറഞ്ഞിരുന്നതായി വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഹിജാമയെ പ്രവാചക വൈദ്യം എന്ന നിലയില് വിലയിരുത്തുന്നു.
ശരീരത്തിലെ പ്രത്യേക ഭാഗങ്ങളില്നിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സയാണ് ഹിജാമ അഥവ കപ്പിങ് എന്ന പേരിലറിയപ്പെടുന്നത്. മൃഗങ്ങളുടെ കൊമ്പ് കൊണ്ട് ചികില്സ നടത്തിയിരുന്നതുകൊണ്ട് കൊമ്പ് ചികിത്സ എന്നും വിളിക്കുന്നു. ഹോര്ണിങ്, സക്കിങ് മെത്തേഡ്, ബ്ലഡ് സ്റ്റാറ്റിസ് ട്രീറ്റ്മെന്റ്, സുസിറ്റന് ട്യൂബ് ട്രീറ്റ്മെന്റ് തുടങ്ങിയ പേരുകളിലും ഹിജാമ അറിയപ്പെടുന്നുണ്ട്. പുരാതന കാലഘട്ടത്തില് തന്നെ പല സംസ്കാരങ്ങളുടെയും ചികിത്സാ പാരമ്പര്യത്തില് ഈ ചികില്സ രീതിക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു.
കൊമ്പ് വെക്കുന്ന ഭാഗങ്ങള് രോഗത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
എന്നിരുന്നാലും ശരീരത്തിന്റെ പുറം ഭാഗം, കഴുത്ത്, ചെവികള്ക്ക് പിറകില്, നട്ടെല്ലിന്റെ താഴ്ഭാഗം എന്നിവ പ്രധാന സ്ഥലങ്ങളാണ്. ശരീര ഭാഗങ്ങളില് കൊമ്പ് വെക്കുന്നത് ചില പ്രത്യേക ബിന്ദുക്കളിലാണ്. ഇത് രണ്ട് രീതിയിലാണ്. രോഗ ബാധിതമായ അവയവങ്ങള്ക്ക് മുകളില്, അവയവത്തിന് വിദൂരമായ മറ്റു ബിന്ദുക്കളില്. ആവശ്യമെങ്കില് ഇവ രണ്ടും ഒരുമിച്ച് ചെയ്യാവുന്നതാണ്. കൊമ്പ് വെക്കല് ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുക, രക്തചംക്രമണം വര്ധിപ്പിക്കുക, കോശങ്ങളിലെ അസിഡിറ്റി കുറക്കുക, രോഗ പ്രതിരോധ ശേഷി വര്ധിപ്പിക്കുക, തലച്ചോറിലേക്കുള്ള രക്തസഞ്ചാരം വര്ധിപ്പിക്കുക തുടങ്ങിയ ഗുണങ്ങള് പ്രദാനം ചെയ്യുന്നു എന്നാണ് വിശ്വാസം
എന്നാല് ഹിജാമയെ എതിര്ക്കുന്നവര്ക്കുമുണ്ട് പറയാന് ന്യായങ്ങള്. ശരീരത്തിലെ വിഷാംശം, അത് ഇനി ജീവികളില് നിന്നോ രാസവസ്തുക്കളില് നിന്നോ വന്നതാവട്ടെ, ശുദ്ധീകരിക്കാന് കരളും വൃക്കയുമുണ്ട്. അവയ്ക്കാണ് പ്രധാനമായും ആ ധര്മ്മം. അവര് അരിച്ചെടുക്കുന്ന രക്തം ശരീരത്തിലൂടെ അങ്ങോളമിങ്ങോളം ഒഴുകുന്നു. ഒരേ രക്തം പല വഴിക്ക്. എല്ലായിടത്തും ഒരേ ഘടകങ്ങളാണ് ഈ രക്തത്തിന്. വിഷാംശം ഒരു ഭാഗത്ത് മാത്രമായി കേന്ദ്രീകരിച്ചല്ല ഉള്ളത്. സാധാരണ ഗതിയില്, വലതുകൈയില് കുത്തിയാലും ഇടത് കൈയില് കുത്തിയാലും കാലില് കുത്തിയാലും ബ്ലഡ് ടെസ്റ്റ് റിസല്റ്റുകള്ക്ക് ഒരു മാറ്റവുമുണ്ടാകില്ല. ഇത് തന്നെയാണ് കാരണം. പിന്നെങ്ങനെ മുറിവിലൂടെ മാത്രം കൃത്യമായി വിഷാംശം പുറത്തെത്തും? എന്നതാണ് ഇവരുടെ ചോദ്യം. വാദപ്രതിവാദങ്ങള്ക്കിടയിലും പി.സി ജോര്ജ് കപ്പിംഗ് നടത്തുന്നതിന്റെ വീഡിയോ സോഷ്യല് മീഡിയയില് ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.