പട്ടാളക്കാരെ പോലെ തന്നെ ബഹുമാനം അര്‍ഹിക്കുന്നവരാണ് യുദ്ധവേദിയിലെ ഫോട്ടോഗ്രാഫര്‍മാര്‍. കാരണം സ്വന്തം ജീവന്‍ പണയം വച്ച് ജോലി ചെയ്യുന്നവരാണ് അവരും. ഇത്തരത്തില്‍ തന്റെ ജീവന്‍ നഷ്ടപ്പെടുന്ന ആ നിമിഷത്തെ വരെ കാമറയില്‍ പകര്‍ത്തികൊണ്ട് മരണത്തിന് കീഴടങ്ങിയ ഫോട്ടോഗ്രാഫറുടെ ആത്മമാര്‍ത്ഥതയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഹില്‍ഡ ക്ലെയ്ഡന്‍ എന്ന ഫോട്ടോഗ്രാഫറുടെ മരണകുറിപ്പാണീ ചിത്രം. മരണം തൊട്ടടുത്തെത്തിയ നിമിഷം പകര്‍ത്തിയ ഈ ചിത്രത്തോടൊപ്പം ഹില്‍ഡ മരണത്തിന് കീഴടങ്ങി. അമേരിക്കന്‍ സൈന്യത്തിലെ യുദ്ധരംഗങ്ങള്‍ പകര്‍ത്തുന്ന ഫോട്ടോഗ്രാഫറായിരുന്നു ഹില്‍ഡ.
അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഹില്‍ഡ അവിടെവെച്ചുണ്ടായ അപകടത്തിലാണ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍ സൈനികര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു അവര്‍. ലഘ്മാന്‍ മേഖലയില്‍ നടന്ന പരിശീലന പരിപാടിയില്‍ സൈനികര്‍ക്ക് മോര്‍ട്ടാര്‍ ആക്രമണത്തില്‍ പരിശീലനം നല്‍കുകയായിരുന്നു. ഇതിനിടെ അഫ്ഗാന്‍ സൈനികരിലൊരാള്‍ക്ക് സംഭവിച്ച കൈപ്പിഴ വന്‍ സ്ഫോടനത്തിന് വഴിവെച്ചു. സ്ഫോടനം നടന്നതിന്റെ തൊട്ടടുത്തു നിന്ന പരിശീലനത്തിന്റെ ഓരോ ദൃശ്യങ്ങളും പകര്‍ത്തിയിരുന്ന ഹില്‍ഡ തന്റെ അവസാന നിമിഷവും കൃത്യമായി ഒപ്പിയെടുത്തു. അന്ന് നടന്ന പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ട ഹില്‍ഡ പകര്‍ത്തിയ ചിത്രങ്ങള്‍ അമേരിക്കന്‍ സൈന്യം കഴിഞ്ഞ ആഴ്ച പുറത്ത് വിടുകയായിരുന്നു. 2013 ല്‍ നടന്ന ആ അപകടത്തില്‍ അവര്‍ക്കൊപ്പം നാല് അഫ്ഗാന്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു.