ഏതാനും മാസങ്ങള്‍ മുമ്പാണ് ലോകം മുഴുവന്‍ പ്രതീക്ഷിച്ചതിന് നേര്‍വിപരീതമായി റിപ്പബ്ലിക് പാര്‍ട്ടി അനുകൂലിയായ ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ലോകം പ്രതീക്ഷിച്ചത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റണ് പ്രസിഡന്റാവുമെന്നായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണസമയങ്ങളിലെ ഹില്ലരിയുടെ പ്രകടനവും ജനപ്രീതിയും ട്രപ് സ്വയം വരുത്തിവച്ച പിഴവുകളുമായിരുന്നു പ്രസിഡന്റ് കസേരയില്‍ ഹില്ലരി തന്നെയാവുമെന്ന് എതിര് പാര്ട്ടിക്കാര് പോലും കരുതാന്‍ കാരണം. എന്നാല്‍ ശക്തമായ അട്ടിമറിയിലൂടെ ട്രംപ് അധികാരത്തിലേറുകയായിരുന്നു. തെരഞ്ഞെടുപ്പുഫലം വന്നതുമുതല്‍ ട്രംപിനെ സഹായിച്ചത് റഷ്യയാണെന്നും തെരഞ്ഞെടുപ്പുഫലം റഷ്യന്‍ ഹാക്കര്‍മാര്‍ അട്ടിമറിച്ചതാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ട്രംപോ മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളോ ഈ ആരോപണം ശരിവച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹില്ലരി ക്ലിന്റന്റെ തോല്‍വിക്ക് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് വ്യക്തമായ സൂചന നല്കി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ രംഗത്തെത്തിയിരിക്കുന്നു. എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമയാണ് ഇത് വ്യക്തമാക്കിയത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണവും നടത്തുന്നുണ്ട്. റഷ്യന്‍ ഹാക്കര്‍മാരും ട്രംപിന്റെ സംഘവും തമ്മിലുള്ള ബന്ധത്തെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടത്തുക. അമേരിക്കയിലെ റഷ്യന്‍ താത്പര്യമുള്ളവര്‍ ഹില്ലരിയുടെ പ്രചാരണ സംഘത്തില്‍ കയറിക്കൂടിയാണ് മിക്ക പദ്ധതികളും ചോര്‍ത്തിയത്. വീക്കിലീക്സ് അടക്കമുള്ള വെബ് സൈറ്റുകള്‍ക്ക് ഹില്ലരിയുടെ ഇമെയിലുകള്‍ പുറത്തുവിടാന്‍ സാധിച്ചത് അങ്ങനെയാണ്. ട്രംപിന്റെ ഉപദേശകസംഘാംഗമായ കാര്‍ട്ടര്‍ പേജ് 2016 മധ്യത്തോടെ റഷ്യ സന്ദര്‍ശിച്ചിരുന്നു.
റഷ്യക്ക് അനുകൂലമായ രീതിയില്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഗതിമാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു ഈ സന്ദര്‍ശനമെന്നാണ് ഇപ്പോഴുയരുന്ന ആരോപണം. തിരഞ്ഞെടുപ്പുകാലത്തു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇമെയില്‍ വിവരങ്ങളും മറ്റും ചോര്‍ന്നതിനു പിന്നില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്നു വിവിധ യുഎസ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ട്രംപും ട്രംപിന്റെ അടുപ്പക്കാരും റഷ്യയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന വിവാദം യുഎസില്‍ സജീവമായി നില്‍ക്കുകയാണ്. വ്യക്തിപരവും ബിസിനസ് സംബന്ധവുമായ ചില രഹസ്യവിവരങ്ങള്‍ വച്ചു റഷ്യ ട്രംപിനെ ബ്ലാക്മെയില്‍ ചെയ്യുകയാണെന്നും ആരോപണമുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സൈബര്‍ ആക്രമണത്തിലൂടെ റഷ്യന്‍ ഇടപെടലുണ്ടായെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരസ്യമായി അംഗീകരിച്ചതാണ്. ന്യൂയോര്‍ക്കിലെ തന്റെ ഹോട്ടലായ ട്രംപ് ടവറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു ട്രംപ് റഷ്യയും സൈബര്‍ ആക്രമണത്തിന് ഉത്തരവാദികളാണെന്നു പറഞ്ഞത്.