ഷിബു ജേക്കബ്
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന്റെ ആസ്ഥാനമായ ഹിൽപാലസ്. കൊച്ചി ഭരണാധികാരികളുടെ രാജകീയ ഇരിപ്പിടമായ ഹിൽപാലസ് പഴയ തിരുവാങ്കുളം പഞ്ചായത്തിന്റെ ഭാഗമായിരുന്നെങ്കിലും ഇപ്പോൾ തൃപ്പൂണിത്തുറ നഗരസഭയുടെ പരിധിയിലാണ്. കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്നതുകൊണ്ടു തന്നെ കുന്നുമ്മേൽ കൊട്ടാരമെന്നും ഹിൽപാലസ് അറിയപ്പെടുന്നു.
1855 മുതൽ കൊച്ചി ഭരണാധികാരികളുടെ ഔദ്യോഗിക വസതിയായിരുന്നു ഹിൽപ്പാലസ്. 49 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന കൊട്ടാര സമുച്ചയം കേരളത്തിലെ പുരാതന തദ്ദേശീയ വാസ്തുവിദ്യകളാൽ സമ്പന്നമാണ്. 51.75 ഏക്കറോളം വരുന്ന ബൃഹത്തായ കൊട്ടാരവളപ്പിൽ കെട്ടിടങ്ങളുടെ വിസ്തീർണം തന്നെ 13,000 ചതുരശ്രയടിയോളമുണ്ട്. പൂമുഖം, അകത്തളം, ഹോമപ്പുര, മടപ്പള്ളി, ഊട്ടുപുര, ഹനുമാൻ ക്ഷേത്രം, തേവാരപ്പുര, കുളപ്പുര മാളിക, വിളമ്പുപുര, വലിയ ഊട്ടുപുര എന്നിങ്ങനെ വിവിധ ബ്ലോക്കുകളായാണ് കെട്ടിടങ്ങൾ.
യൂറോപ്യൻ എൻജിനീയർമാർ രൂപകല്പന ചെയ്ത പ്രധാന സമുച്ചയത്തിന്റെ വടക്കൻ ബ്ലോക്ക് 1898-ൽ മഹാരാജ രാമവർമ്മയുടെ ഭരണകാലത്താണ് പൂർത്തിയായത്. കാബിനറ്റ് ഹാളും സെൻട്രൽ ബ്ലോക്കിലെ അതിനോട് ചേർന്നുള്ള ഘടനയും രാമവർമ്മയാണ് നിർമിച്ചത്. ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത അദ്വിതീയ ലിഫ്റ്റും ക്യാബിനറ്റ് ഹാളിൽ സ്ഥാപിച്ചിട്ടുണ്ട്. കാബിനറ്റ് ഹാളിന്റെ പുറം ഭിത്തിയിൽ പുഷ്പ ഡിസൈനുകളുള്ള വിക്ടോറിയൻ ടൈലുകളും അതിന്റെ മെറ്റാലിക് അലങ്കാര സീലിംഗും കരകൗശലത്തിന്റെ മഹനീയത വെളിപ്പെടുത്തുന്നതാണ്.
രാജ ചരിത്രം പറയുന്ന പുരാവസ്തുക്കൾ
ചരിത്ര സ്നേഹികളെ ആകർഷിക്കുന്ന പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ഹിൽപാലസ് കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും സംരക്ഷിത പ്രദേശവുമാണ്. ഹിൽപാലസ് മ്യൂസിയം അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി മ്യൂസിയത്തിലെ പ്രദർശനവസ്തുക്കൾ സമഗ്രമായി പുനർവിന്യാസവും ചെയ്തിട്ടുണ്ട്.
സന്ദർശകർക്കു കൂടി പ്രാതിനിധ്യമുണ്ടാകുന്ന വിധത്തിലുള്ള പ്രദർശന സങ്കേതങ്ങളാണ് ഇലക്ട്രോണിക് സംവിധാനങ്ങൾ ഉൾക്കൊള്ളിച്ച് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഒരു കൂട്ടം പ്രദർശന വസ്തുക്കൾ എന്ന പരമ്പരാഗത മ്യൂസിയം കാഴ്ച്ചപ്പാടിൽനിന്നു മാറി ഒരു തീമാറ്റിക് മ്യൂസിയമാണ് ഇപ്പോൾ ഹിൽപാലസ് മ്യൂസിയം.
കൊച്ചിയുടെ ചരിത്രവും സംസ്കാരവും സംബന്ധിച്ച് അറിവ് പകർന്നു നൽകുന്ന ഗ്യാലറികളാണ് ആധുനിക സാങ്കേതിവിദ്യകളുടെ സഹായത്തോടെ കാഴ്ച്ചക്കാർക്കായി തുറന്നിട്ടിരിക്കുന്നത്. മ്യൂസിയം രണ്ട് ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ആദ്യ വിഭാഗത്തിൽ കൊച്ചി രാജവംശവും കൊച്ചിയുടെ ചരിത്രവും ഊന്നിക്കൊണ്ടുള്ള പ്രദർശനമാണ്.
വരുമാനത്തിലും മുന്നിൽ
സന്ദർശകരുടെ എണ്ണത്തിന്റെ കാര്യത്തിലും വരുമാനത്തിലും കേരളത്തിലെ മ്യൂസിയങ്ങളിൽ പ്രഥമ സ്ഥാനത്താണ് ഹിൽപാലസ് മ്യൂസിയം. ആറ് ലക്ഷത്തോളം സന്ദർശകർ പ്രതിവർഷം ഹിൽപാലസ് കാണാനെത്തുന്നുണ്ട്. 2023 ജനുവരി മുതൽ നാലര മാസത്തെ വരുമാനം ഒരു കോടി കഴിഞ്ഞിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികമാളുകൾ മ്യൂസിയം കണ്ടു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 70 ലക്ഷത്തോളം രൂപയായിരുന്നു വരുമാനം.
സന്ദർശകരുടെ എണ്ണമാകട്ടെ രണ്ട് ലക്ഷത്തിൽ താഴെയുമായിരുന്നു. കോവിഡിനു മുൻപ് ശരാശരി പ്രതിവർഷ വരുമാനം ഒന്നേകാൽ കോടി മാത്രമായിരുന്ന ഹിൽപാലസിൽ കോവിഡിന്റെ അടച്ചിടൽ കാലത്തു നടത്തിയ നവീകരണ പ്രവർത്തനങ്ങളോടെ ലക്ഷക്കണക്കിന് ആളുകളെ മ്യൂസിയം കാഴ്ച്ചകളിലേയ്ക്ക് ആകർഷിക്കാനായിട്ടുണ്ട്. ഞായറാഴ്ചകളിലെ ഹിൽപാലസിലെ വരുമാനവും പ്രതിദിന വരുമാനക്കണക്കിൽ റെക്കോഡ് കടന്നു കഴിഞ്ഞു.
52 ഏക്കർ വരുന്ന കൊട്ടാരവളപ്പിൽ രാവിലെ എത്തുന്നവർ വൈകിട്ടു വരെ മ്യൂസിയത്തിലും പരിസരത്തുമായി ചെലവഴിക്കുന്നു. 35 രൂപയാണ് മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് 10 രൂപയും. വളരെ ചെറിയ ചെലവിൽ മ്യൂസിയം കാണുകയും മാൻപാർക്കും പൂന്തോട്ടവും കുട്ടികളുടെ പാർക്കുമെല്ലാം ആസ്വദിക്കാനും കഴിയുമെന്നുള്ളത് ഹിൽപാലസ് മ്യൂസിയത്തിന്റെ പ്രത്യേകതയാണ്.
സന്ദർശകർക്കായി ഹിൽപാലസിൽ പുതിയ ദിനോസർ പ്രതിമയും ജന്മമെടുക്കുകയാണ്. കാലപ്പഴക്കം കൊണ്ട് പൊട്ടിപ്പൊളിഞ്ഞ ദിനോസർ പ്രതിമ പുരാവസ്തു വകുപ്പാണ് പുതുക്കി നിർമിക്കുന്നത്. 30 അടിയോളം ഉയരമുള്ള ഈ പ്രതിമ കുട്ടികളുടെയും പ്രധാന ആകർഷണമായിരുന്നു. സന്ദർശകർ ഇതിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്നതും പതിവാണ്. സന്ദർശകരെ ആകർഷിക്കും വിധം ഫൈബർ ഉപയോഗിച്ച് പുതുക്കി നിർമിക്കുന്ന ദിനോസറിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.