പറവൂർ: വടക്കേക്കര പഞ്ചായത്ത് അണ്ടിപ്പിള്ളിക്കാവ് കിഴക്ക് സെന്റ് ജോസഫ് കപ്പേളയ്ക്ക് സമീപം തകർന്ന റോഡിലെ കുഴിയിൽ നിന്നുകൊണ്ട് വാഹനങ്ങൾ തടഞ്ഞ് വിദ്യാർഥിനിയുടെ പ്രതിഷേധം. അണ്ടിപ്പിള്ളിക്കാവ് വേലിക്കകത്ത് വീട്ടിൽ പോളിന്റെ മകൾ ഹിൽനയാണ് വേറിട്ടപ്രതിഷേധരീതി അവലംബിച്ചത്.
കഴിഞ്ഞ ദിവസം പരീക്ഷയ്ക്ക് റോഡിലൂടെ നടന്നുപോകുന്പോൾ പിന്നിൽനിന്നു വന്ന ഒരു വാഹനം വെള്ളക്കുഴിയിൽ ചാടി കുഴിയിലെ വെള്ളവും ചെളിയും ഹിൽനയുടെ യൂണിഫോമിലും പുസ്തകത്തിലും തെറിച്ചുവീണു. ഈ വാഹനം നിർത്താതെ കടന്നുപോയി. ചെളിയായ വസ്ത്രം വീട്ടിൽ പോയി മാറ്റി സ്കൂളിൽ എത്തിയപ്പോൾ സമയം ഏറെ വൈകിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഹിൽന വാഹനങ്ങൾ തടഞ്ഞത്.
അണ്ടിപ്പിള്ളിക്കാവ് ജംഗ്ഷൻ മുതൽ ചേന്ദമംഗലം വഴി പറവൂർ പോകുന്ന ഈ റോഡ് മാസങ്ങളോളമായി തകർന്നു കിടക്കുകയാണ്. എൻഎച്ച് 17 ൽ വാഹനങ്ങളുടെ തിരക്ക് കൂടുന്പോൾ ഈ വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്.