പ്രകടനം കുഴപ്പമില്ല, പറയുന്ന ഇംഗ്ലീഷ് മോശമാണെങ്കിലും! ഗംഭീര പ്രകടനം നടത്തിയ ഹിമ ദാസിനെ അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ അത്‌ലറ്റിക് ഫെഡറേഷനെതിരെ പ്രതിഷേധം വ്യാപകം

അണ്ടര്‍ 20 അത്‌ലറ്റിക്‌സ് മത്സരത്തില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച അസം സ്വദേശി ഹിമ ദാസിന്റെ സ്വര്‍ണനേട്ടത്തിന് ഒന്നു ചേര്‍ന്ന് കയ്യടിക്കുകയാണ് ഇന്ത്യ. എന്നാല്‍ ചില വിവാദങ്ങള്‍ അവരെച്ചൊല്ലി പിറവിയെടുക്കുകയും ചെയ്തിരിക്കുകയാണ്.

400 മീറ്റര്‍ ഓട്ടം 51.46 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹിമ അത്ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ്. അസമിലെ നഗോണ്‍ ഗ്രാമത്തില്‍ നിന്നും ലോക വേദിയില്‍ അഭിമാനമായ ഇന്ത്യന്‍ താരത്തെ ഇന്ത്യക്കാര്‍ പ്രശംസിക്കുന്നതില്‍ പിശുക്ക് കാണിക്കാതിരുന്നപ്പോള്‍ ഹിമ ദാസിന്റെ ഇംഗ്ലീഷ് തിരഞ്ഞ് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ ഇന്ത്യന്‍ ജനതയേയും ഹിമ ദാസിനെയും ലോകത്തിനു മുന്‍പില്‍ നാണം കെടുത്തിയതാണ് വിവാദമായത്.

ഇന്ത്യന്‍ ജനത സമൂഹമാധ്യമങ്ങളിലൂടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ ഗത്യന്തരമില്ലാതെ ഫെഡറേഷന്‍ മാപ്പു പറയുകയും ചെയ്തു. 400 മീറ്ററില്‍ 51.46 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയ താരത്തിന്റെ ഇംഗ്ലീഷ് മോശമാണെന്നുള്ള ട്വിറ്ററിലൂടെയുള്ള പരാമര്‍ശം വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് നീക്കുകയും ചെയ്തു.

ലോക വേദിയില്‍ അഭിമാനമായ ഇന്ത്യന്‍ താരത്തിന്റെ ‘പ്രകടനം കുഴപ്പമില്ല, പറയുന്ന ഇംഗ്ലീഷ് മോശമാണെങ്കിലും’ എന്ന പരാമര്‍ശമാണ് അത്ലറ്റിക് ഫെഡറേഷന്‍ നടത്തിയത്. ഈ പരാമര്‍ശത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം വ്യാപക പ്രതിധേഷം നേരിട്ടതിനെ തുടര്‍ന്നാണ് അത്ലറ്റിക്സ് ഫെഡറേഷന്‍ ട്വീറ്റ് പിന്‍വലിച്ചത്. ഹിമയെ അഭിനന്ദിച്ചുകൊണ്ട് ഫെഡറേഷന്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് പ്രശ്‌നമായത്.

വിദേശ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒഴുക്കോടെ ഇംഗ്ലീഷ് പറയാന്‍ ബുദ്ധിമുട്ടിയെങ്കിലും ഹിമ തന്റെ പരാമാവധി ശ്രമിച്ചുവെന്നാണ് ഫെഡറേഷന്‍ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് വന്നതോടെ ഫെഡറേഷനെതിരേ വന്‍ വിമര്‍ശനവും ഉയര്‍ന്നു. ഹിമയെ അഭിനന്ദിക്കുന്നതിന് പകരം ഫെഡറേഷന്‍ അപമാനിക്കുകയാണ് ചെയ്തത് എന്നായിരുന്നു പ്രധാന ആക്ഷേപം. തുടര്‍ന്ന് ഫെഡറേഷന്‍ മാപ്പു പറയുകയും ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

അവസാന 100 മീറ്റര്‍ വരെ പിന്നിലായിരുന്ന ഹിമ ഒടുവില്‍ നടത്തിയ ഉജ്വല കുതിപ്പിലൂടെയാണ് സ്വര്‍ണത്തിലേക്കെത്തിയത്. റുമാനിയയുടെ ആന്‍ഡ്രിയ മികോസ് (52.07 സെക്കന്‍ഡ്) വെള്ളിയും അമേരിക്കയുടെ ടെയ്ലര്‍ മാന്‍സണ്‍ (52.28) വെങ്കലവും നേടി. 51.13 ആണ് ഹിമ ദാസിന്റെ മികച്ച സമയം. രാജ്യാന്തര വേദിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് കൂടിയാണ് പതിനെട്ടുകാരിയായ ഹിമ ദാസ്.

Related posts