ന്യൂഡൽഹി: ഹിമാചലിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് എംഎൽഎമാരെ രാജസ്ഥാനിലേക്കു മാറ്റാൻ കോൺഗ്രസ്. ബിജെപിയുടെ അട്ടിമറിനീക്കം മുന്നിൽ കണ്ടാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കുമാണ് “ഓപ്പറേഷന് താമര’ തകര്‍ക്കാൻ പാർട്ടി ചുമതല നൽകിയിരിക്കുന്നത്.
കോണ്‍ഗ്രസ് എംഎല്‍എമാരെ ബസുകളില്‍ രാജസ്ഥാനിലേക്ക് മാറ്റാനാണു നീക്കം. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വദ്ര ഹിമാചലിലെ സ്ഥിതിഗതികള്‍ നേരിട്ടു നിരീക്ഷിച്ചുവരികയാണ്. പ്രിയങ്ക ഇന്ന് ഷിംലയില്‍ എത്തും.
വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ 11 മണിക്കു ലഭിക്കുന്ന റിപ്പോർട്ടനുസരിച്ച് കോൺഗ്രസ് 34 സീറ്റിലും ബിജെപി 31 സീറ്റിലും ലീഡ് ചെയ്യുകയാണ്. മൂന്നു സീറ്റിൽ സ്വതന്ത്രർ ലീഡ് ചെയ്യുന്നു. സ്വതന്ത്രർ നിർണായകശക്തിയാകുമെന്ന് സൂചനകളുമുണ്ട്.