ഷിംല: ഹിമാചലിൽ മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി വടംവലി മുറുകുന്നു. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക പ്രിയങ്ക ഗാന്ധിയെന്ന് സൂചന.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒറ്റവരി പ്രമേയം പാസാക്കിയിരുന്നു.
ഇതിനു പിന്നാലെ ഹിമാചലിലെ വിജയത്തിന് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രശംസ നേടിയ പ്രിയങ്കയെതന്നെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ചുമതലയും ഏര്പ്പിച്ചെന്നാണ് വിവരം.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭ സിംഗ്, മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ സുഖ്വീന്ദര് സിംഗ് സുഖു, മുകേഷ് അഗ്നിഹോത്രി എന്നിവരാണ് മുഖ്യമന്ത്രി കസേരയില്‍ നോട്ടമിട്ടിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ഭാര്യ കൂടിയായ പ്രതിഭ സിംഗ് ശക്തമായ അവകാശവാദമാണ് ഉന്നയിക്കുന്നത്. ഇവരുടെ അനുയായികള്‍ വെള്ളിയാഴ്ച എഐസിസി നിരീക്ഷകന് ഭൂപേഷ് ഭാഗലിന്റെ വാഹനം തടഞ്ഞിരുന്നു. പ്രതിഷേധവുമായി കാറിന് മുമ്പില്‍ നിലയുറപ്പിച്ച പ്രവര്‍ത്തകരെ നേതാക്കളെത്തി അനുനയിപ്പിച്ചാണ് മാറ്റിയത്.
ശനിയാഴ്ച സംസ്ഥാനത്തെത്തിയ എഐസിസി നിരീക്ഷകര്‍ ഓരോ എംഎല്‍എമാരെയും വ്യക്തിപരമായി കണ്ട് പിന്തുണ ആര്‍ക്കാണെന്ന് ചോദിച്ച് മനസിലാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പാര്‍ട്ടിയെ നയിച്ച പ്രതിഭയ്ക്ക് പകരം നിയമസഭാകക്ഷിയില്‍ അംഗമായ ഒരു നേതാവിനെത്തന്നെ മുമുഖ്യമന്ത്രിയാക്കാനാണ് പാര്‍ട്ടി നീക്കം.