യുക്തിയ്ക്ക് നിരക്കാത്ത പ്രസ്താവനകള്‍ നടത്തുന്നതില്‍ മത്സരിക്കുകയാണോ എന്ന് തോന്നുന്ന വിധത്തിലാണ് അടുത്തിടെയായി രാജ്യത്തെ പ്രമുഖരും നേതാക്കളുമുള്‍പ്പെടെയുള്ള കുറേപ്പേര് പെരുമാറുന്നത്. സമാനമായ രീതിയില്‍ വിവാദമായിരിക്കുന്ന ഒരു പ്രസ്താവനയാണ് ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ആചാര്യ ദേവവ്രതിന്റെ പരാമര്‍ശം.
വിദേശയിനം പശുക്കളുടെ പാല് മനുഷ്യര്‍ക്ക് ദോഷകരമാണൊണ്
അദ്ദേഹം പറഞ്ഞിരിക്കുന്നത്. നാടന്‍ പശുക്കളുടെ പാല് കുടിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്നാഥ് ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഗവര്‍ണറുടെ ഉപദേശം.
എച്ച്. എഫ്, ജഴ്സി തുടങ്ങിയ വിദേശ ഇനങ്ങളില്‍പ്പെട്ട പശുക്കളുടെ പാല് മനുഷ്യന് ദോഷകരമാണ്. അത് അക്രമവാസനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടാക്കും. അതുകൊണ്ട് നല്ല ആരോഗ്യമുണ്ടാകാന്‍ നാടന്‍ പശുവിന്റെ പാല് വേണം കുടിക്കാന്‍. ആചാര്യ ദേവവ്രത് ഉപദേശിച്ചു. ‘സനാതന ഹിന്ദു ധര്മത്തില് പശുക്കളുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുന്‍ മുഖ്യപുരോഹിതരായ ദിഗ്വിജയനാഥ്, അവൈദ്യനാഥ് എന്നിവരുടെ അനുസ്മരണത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഇപ്പോഴത്തെ മുഖ്യപുരോഹിതനും മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ഒരു നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് 30 ഏക്കര്‍ ഭൂമിയില്‍ കൃഷിചെയ്യാം. എന്നാല്‍ എച്ച്.എഫ്, ജെഴ്സി ഇനത്തില്‍പ്പെട്ട 20 പശുക്കളുടെ ചാണകം ഉപയോഗിച്ച് ഒരേക്കര്‍ സ്ഥലത്തെ കാര്‍ഷികാവശ്യങ്ങള്‍ മാത്രമാണ് നിറവേറ്റാനാകുക.
തന്റെ നേതൃത്വത്തില്‍ മൂന്നു യൂണിവേഴ്സിറ്റികളിലായി നടന്ന പഠനത്തില്‍ നാടന്‍ പശുക്കളുടെ ചാണകത്തിലുള്ള സൂക്ഷ്മ ജൈവാണുക്കളുടെ അളവ് വിദേശ ഇനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.
നാടന്‍ പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ രണ്ടു മുതല്‍ അഞ്ച് ലക്ഷം കോടി വരെ ജൈവാണുക്കളുണ്ട്. എന്നാല്‍ വിദേശ ഇനങ്ങളുടെ ചാണകത്തില്‍ ഇത് 60 ലക്ഷം മുതല്‍ 70 ലക്ഷം വരെ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.