കൊല്ലം: കേരളത്തെക്കുറിച്ചും ജനകീയാസൂത്രണ പദ്ധതികളെക്കുറിച്ചും പഠിക്കാന്‍ ഹിമാചല്‍പ്രദേശ് സംഘമെത്തി. നെടുമ്പന ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ച സംഘം ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
കേരളത്തിന്റെ വികസന പദ്ധതികളെക്കുറിച്ചും പ്രവര്‍ത്തന ശൈലിയെക്കുറിച്ചും പഠിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. കാംജന ജില്ലാ പഞ്ചായത്ത് വൈസ് ചെയര്മാന് വിശാല്‍ ചാംയലോ, പഞ്ചായത്ത് ഇന്‍സ്പെക്ടറും സെക്രട്ടറിയുമായ രാജേന്ദര്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന സംഘമാണ് നെടുമ്പനയില്‍ എത്തിയത്.
പഞ്ചായത്തിന്റെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭായോഗം, വര്‍ക്കിംഗ് ഗ്രൂപ്പ്, വികസന സെമിനാര്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റികള്‍, മിനിട്സുകള്‍ എന്നിവ നേരിട്ട് കണ്ട് മനസിലാക്കി.
പദ്ധതി നിര്‍വഹണത്തിലെ അടങ്കല്‍ തുകകള്‍, വാര്‍ഷിക പദ്ധതി, ഗ്രാന്റുകള്‍ എന്നിവയെക്കുറിച്ചും സംഘം വിശദമായി പഠനം നടത്തി. നാല് ദിവസമായി ഇവര്‍ കേരളത്തിലുണ്ട്.
കേരളവും ഇവിടുത്തെ ഭരണനിര്‍വഹണ സംവിധാനങ്ങളും രാജ്യത്തിനാകെ മാതൃകയാണെന്ന് കാംജന ജില്ലാ പഞ്ചായത്ത് വൈസ് ചെയര്മാന് വിശാല്‍ ചാംയലോ അഭിപ്രായപ്പെട്ടു.
നെടുമ്പന ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാകുമാരി, മെമ്പര്‍മാരായ സി. സന്തോഷ്കുമാര്‍, ഇന്ദിര രഘുനാഥന്, ഷീബ, ആസാദ്, സെക്രട്ടറി ഹാരിസ് മുഹമ്മദ് കോയ, കില പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.