ഗുവാഹത്തി: ഉത്തരാഖണ്ഡിനു പിന്നാലെ ഏകവ്യക്തി നിയമം നടപ്പാക്കാൻ ഒരുങ്ങി അസം സർക്കാരും. ഇതിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി മുസ്ലിം വിവാഹം, വിവാഹമോചന രജിസ്ട്രേഷൻ നിയമം എന്നിവ പിൻവലിക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ഏകവ്യക്തി നിയമം കൊണ്ടവരുന്നതിന് മുന്നോടിയായാണ് ഈ തീരുമാനമെന്നു മന്ത്രി ജയന്ത മല്ലബറുവ വ്യക്തമാക്കി. അസം നിയമസഭയിൽ ഇതിന്റെ ബിൽ ഉടൻ അവതരിപ്പിക്കുമെന്നാണു സൂചന. ഈ മാസം 28നാണ് നിയമസഭാ സമ്മേളനം അവസാനിക്കുന്നത്.
“വളരെ പ്രധാനപ്പെട്ട തീരുമാനമാണ് എടുത്തിരിക്കുന്നത്. 1935ലെ മുസ്ലിം വിവാഹം, വിവാഹമോചന രജിസ്ട്രേഷൻ എന്നിവയെല്ലാം സ്പെഷൻ മാര്യേജ് ആക്ടിന്റെ കീഴിലായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.’’- മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു. ശൈശവ വിവാഹങ്ങൾ കുറയ്ക്കുന്നതിനും തീരുമാനം സഹായിക്കുമെന്നു മന്ത്രി വ്യക്തമാക്കി.
ഫെബ്രുവരി ഏഴിന് ഉത്തരാഖണ്ഡിൽ ബിൽ പാസാക്കിയതിനുശേഷം, അസമിൽ ഏകീകൃത സിവിൽ കോഡിന് നിയമനിർമാണം നടത്താൻ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പലതവണ സൂചന നൽകിയിരുന്നു.