സൂറത്ത്: മക്കളുടെ വിവാഹത്തിനു മുന്പേ ഒളിച്ചോടി വാർത്ത സൃഷ്ടിച്ച ഹിമ്മത് പാണ്ഡവ്(46), ശോഭന റാവൽ(43) എന്നിവർ വീണ്ടും ഒളിച്ചോടി. ആദ്യത്തെ ഒളിച്ചോട്ടത്തിനുശേഷം തിരിച്ചെത്തി ഒരുമാസത്തിനകമാണ് വീണ്ടും സ്ഥലംവിട്ടത്.
പാണ്ഡവിന്റെ മകനും ശോഭനയുടെ മകളും തമ്മിൽ ജനുവരിയിൽ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരുക്കങ്ങൾക്കിടെയായിരുന്നു പാണ്ഡവും ശോഭനയും പ്രണയത്തിലാകുന്നത്.
ജനുവരി 10ന് ഇവർ ഒളിച്ചോടി. കേസും ബഹളവുമായപ്പോൾ രണ്ടാഴ്ചയ്ക്കുശേഷം ഇരുവരും അവരവരുടെ വീടുകളിൽ തിരിച്ചെത്തി.
എന്നാൽ, ശനിയാഴ്ച ഇരുവരും വീണ്ടും ഒളിച്ചോടി. സൂറത്തിൽ വീടു വാടകയ്ക്കെടുത്ത് ഇരുവരും താമസിക്കുകയാണ്. അതേസമയം, ഇത്തവണ ഒളിച്ചോട്ടത്തിനെതിരേ ആരും പോലീസിൽ പരാതി നല്കിയിട്ടില്ല.
സൂറത്തിലെ കടാർഗാം സ്വദേശിയാണ് ഹിമ്മത് പാണ്ഡവ്. നവസാരിയിലെ വിജൽപോർ പട്ടണമാണു ശോഭന റാവലിന്റെ സ്വദേശം. കടാർഗാമിലായിരുന്നു ശോഭന ജനിച്ചത്.
ചെറുപ്പംമുതലേ പാണ്ഡവും ശോഭനയും തമ്മിൽ പരിചയമുണ്ടായിരുന്നു. ആദ്യത്തെ ഒളിച്ചോട്ടത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ ശോഭനയെ സ്വീകരിക്കാൻ ഭർത്താവ് തയാറായില്ല. തുടർന്ന് സ്വന്തം വീട്ടിലായിരുന്നു ശോഭന താമസിച്ചിരുന്നത്.