തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം യുഡിഎഫിലെയും ബിജെപിയിലെ യും ചിലർ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചെന്നും സമരം ചെയ്തതുകൊണ്ടു ജിഷ്ണുവിന്റെ കുടുംബം എന്തു നേടിയെന്ന മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചതു ശരിയാണെന്നും ഹിമവൽ ഭദ്രാനന്ദ.
സമരവുമായി ബന്ധപ്പെട്ടു തന്നെ പോലീസ് അറസ്റ്റു ചെയ്തതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. തനിക്കൊപ്പം ജയിലിലടച്ചവരെ കാണാൻ കോണ്ഗ്രസ്, ബിജെപി നേതാക്കളെത്തിയത് ഗൂഢാലോചനയുടെ തെളിവാണെന്നും ഹിമവൽ ഭദ്രാനന്ദ പത്രസമ്മേളനത്തിൽ പറഞ്ഞു.
കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച പൊലീസുകാർക്കെതിരേ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകും. പിണറായി വിജയന്റെ രക്തം ഊറ്റിക്കുടിക്കാൻ ചിലർ ആഗ്രഹിക്കുന്നുണ്ട്. പണ്ടത്തെ വിമോചന സമരത്തിന് സമാനമായ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. പിണറായിയെ ക്രിമിനലും ഗുണ്ടയുമാക്കാനാണു ചിലർ ശ്രമിക്കുന്നത്. പാർട്ടിപ്രവർത്തകരെ സംരക്ഷിക്കുന്നതുപോലെയാണ് മുഖ്യമന്ത്രി പോലീസിനെയും സംരക്ഷിക്കുന്നത്.
സ്വന്തം ആളുകളാണെന്നു പോലീസിനെ മുഖ്യമന്ത്രി തെറ്റിദ്ധരിച്ചിരിക്കുകയാണ്. പോലീസിൽ 30 ശതമാനം മാത്രമാണ് മോശക്കാർ. യുഡിഎഫ്, ബിജെപി അനുഭാവികളായ പോലീസുകാരാണ് പോലീസ് ആസ്ഥാനത്തിനു മുന്നിൽ നടന്ന സംഭവത്തിൽ തെറ്റ് ചെയ്തത്. പോലീസ് ആസ്ഥാനം സമരത്തിനു പറ്റിയ വേദിയല്ല.
ജിഷ്ണുവിന്റെ കുടുംബത്തിനു സമരം നടത്തണമായിരുന്നുവെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിലാകാമായിരുന്നു. പോലീസ് ആസ്ഥാനത്ത് സമരം നടത്താൻ മഹിജയെ ഉപദേശിച്ചതും ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതും ആരാണെന്നു കണ്ടെത്തണമെന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു.