കൊല്ലം: രാജ്യത്തിന്റെ സന്പൂർണഭാഷ എന്ന നിലയിൽ ഹിന്ദിയെ ലോകത്തിന് പരിചയപ്പെടുത്തണമെന്ന ആഹ്വാനത്തോടെയുളള കേന്ദ്ര സർക്കാർ നീക്കം രാജ്യത്തെ ഇതര ഭാഷകൾക്കും സംസ്ഥാനങ്ങൾക്കും ആശങ്കാജനകമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി . എം.ഇ.എസ് ജില്ലാ കമ്മിറ്റിയുടെ വിദ്യാഭ്യാസ സമ്മേളനം ചാത്തന്നൂർ എഞ്ചിനീയറിംഗ് കോളേജിൽഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വികലമായ സാന്പത്തികനയങ്ങൾ മൂലം പാരന്പര്യവ്യവസായങ്ങളും സ്ഥാപനങ്ങളിൽ പലതും അടച്ചുപൂട്ടൽ ഭീഷണിയിലായ ഘട്ടത്തിൽ അവയെ തമസ്കരിക്കാനായി മഹാത്മജിയുടെയും പട്ടേലിന്റെയും സ്വപ്നനയം എന്ന പേരിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുളള നീക്കം കേന്ദ്ര സർക്കാർ പിൻവലിക്കണം.
നാനാത്വത്തിൽ ഏകത്വം എന്ന നിലയിലും വിവിധ ഭാഷകളുടെയും ആചാരങ്ങളുടെയും മതങ്ങളുടെയും സംഗമകേന്ദ്രമെന്ന നിലയിലും ലോകത്തിന് മാതൃകയായ ഭാരതത്തെ ഭാഷയുടെ പേരിൽ ഭിന്നിപ്പിക്കാനുളള നീക്കം ഗൗരവത്തോടെ കാണണമെന്നും എം.പി പറഞ്ഞു. ജില്ലാ പ്രസിഡന്റ് കോഞ്ചേരിൽ ഷംസുദ്ദീൻ അദ്ധ്യക്ഷനായിരുന്നു.
സാങ്കേതിക രംഗത്തെ വിജയികൾക്കും ഉന്നത മാർക്ക് നേടിയവർക്കും പ്രൊഫ. പി.ഒ.ജെ ലബ്ബ അവാർഡുകൾ വിതരണം ചെയ്തു. കണ്ണനല്ലൂർ നിസാം, ഡോ. ബി. അബ്ദുൾ സലാം, ജെ. കമർ സമാൻ, ഡോ. എസ്. താജുദ്ദീൻ, എം. ഷംസുദ്ദീൻ, എ.എ. സമദ്, ജെ.എം. അസ്ലം, എം. അൻസാർ, കെ. ഷാജഹാൻ, മുസ്തഫ റാവുത്തർ, ഹാഷിം കൊടിമേൽക്കൊടി, അബി ബഷീർ, അഡ്വ. എം. ഷാൻ, സി.വൈ. നിസാം, എം.എം. ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.