നാദാപുരം: നാദാപുരം കൺട്രോൾ റൂമിലെ പോലീസുകാർ രാഷ്ട്ര ഭാഷ പഠിക്കുന്നു. നാദാപുരം മേഖലയിലേക്കുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്കാണ് പോലീസിനെ ഇത്തരം ഒരു നിലപാടെടുക്കാൻ പ്രേരിപ്പിച്ചത്. നാദാപുരം കൺട്രോൾ റൂമിൽ അറുപത് പോലീസുകാരാണുള്ളത്. മൂന്ന് ഷിഫ്റ്റുകളിലായി ഇവർ ഇരുപത്തിനാലു മണിക്കൂറും നാദാപുരം മേഖലയിൽ പട്രോളിംഗ് നടത്തി വരുന്നുണ്ട്.
നാദാപുരം മേഖലയിൽ വിവിധയിടങ്ങളിലായി നൂറു കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നുണ്ട്.
പോലീസുകാർക്ക് ഹിന്ദി അറിയാത്തതിനാൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും രാത്രികാലങ്ങളിൽ സംശയാസ്പദമായ സാഹചര്യങ്ങളിൽ കാണുന്ന ഇതര സംസ്ഥാന തൊഴിലാളികളെയും ചോദ്യം ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. ഇപ്പോൾ പട്ടാളത്തിൽ നിന്നും വിരമിച്ച് ഹോം ഗാർഡുമാരായി സ്റ്റേഷനു കീഴിൽ ജോലിചെയ്യുന്നവരുടെ സഹായത്താലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
പലപ്പോഴും ഹോം ഗാർഡുമാരുടെ സേവനം ഇതിനായി ലഭിച്ചെന്നു വരില്ല. ഈ അവസ്ഥയിലാണ് കൺട്രോൾ റൂമിലെ പൊലീസുകാരെ ഹിന്ദി പഠിപ്പിക്കാനുള്ള സംവിധാനമൊരുക്കിയത്. രാവിലെ ഏഴര മുതൽ ഒമ്പത് മണി വരെ രണ്ടു ഷിഫ്റ്റുകളിലായാണ് ക്ലാസ്.
അച്ചടക്കമുള്ള പഠിതാക്കളായി എല്ലാ പോലീസുകാരും ബുക്കും പേനയും എടുത്ത് കൃത്യമായി ക്ലാസിൽ എത്തുന്നുണ്ട്. ഹിന്ദി സംസാരിക്കാനും മറ്റുള്ളവർ പറയുന്നത് കേട്ട് മനസ്സിലാക്കാനുമുള്ള പ്രാവീണ്യം ഉണ്ടാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പോലീസുകാർക്ക് ഇത്തരത്തിൽ ഹിന്ദി പഠന ക്ലാസ് സംഘടിപ്പിക്കുന്നത്.