ചെന്നൈ: തമിഴ്നാട്ടിൽ ഹിന്ദി ഭാഷ മാസാചരണവുമായി ബന്ധപ്പെട്ടുള്ള വിവാദം ആളിക്കത്തുന്നു. ചെന്നൈ ദൂരദർശന്റെ സുവർണജൂബിലിയും ഹിന്ദി ഭാഷാ മാസാചരണവും ആഘോഷിക്കുന്ന ചടങ്ങിൽ തമിഴ്തായ് വാഴ്ത്ത് ഗീതത്തിലെ ദ്രാവിഡ എന്ന ഭാഗം വിട്ടുപോയതു പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്. ഗവര്‍ണര്‍ ആര്.എന്‍. രവി പങ്കെടുത്ത പരിപാടിയിൽ ദൂരദർശന്റെ ഗായകസംഘമാണ് തായ്വാഴ്ത്ത് ആലപിച്ചത്.
വിവാദത്തിൽ ദുരദർശൻ മാപ്പുപറഞ്ഞെങ്കിലും ഗവർണറെ തിരിച്ചുവിളിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം സംഭവത്തിൽ ഗവർണർക്ക് പങ്കില്ലെന്ന് രാജ്ഭവൻ പത്രക്കുറിപ്പിൽ വിശദീകരിച്ചു. ഗായകസംഘം ബോധപൂര്‍വമാണ് ദ്രാവിഡ ഒഴിവാക്കിയതെന്നും ദേശീയഐക്യത്തെ ഇതുവഴി ഗവര്‍ണര്‍ അപഹസിക്കുകയാണെന്നുമാണ് സ്റ്റാലിന്റെ ആരോപണം.
ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷാചരണം ഉപേക്ഷിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണ് ഇതുവഴി നടക്കുന്നതെന്ന് കേന്ദ്രത്തിന് അയച്ച കത്തിൽ സ്റ്റാലിൻ പറഞ്ഞു. പ്രാദേശിക ഭാഷകൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങ് നടത്തരുത്. നടത്തിയാൽ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണമെന്നും മുഖ്യമന്ത്രി വാദിക്കുന്നു.
ദൂരദർശന്റെ ചടങ്ങിൽ ഹിന്ദിയെ പ്രകീർത്തിച്ചാണ് ഗവർണർ പ്രസംഗിച്ചത്. തമിഴ്നാട്ടിലെ ജനങ്ങൾക്കിടയിൽ ഹിന്ദിക്ക് വലിയ സ്വീകാര്യത ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം തന്നെക്കാൾ നന്നായി ഹിന്ദി സംസാരിക്കുന്നവരാണ് തമിഴ്നാട്ടിലെ വിദ്യാർഥികളെന്നു വ്യക്തമാക്കിയിരുന്നു. അതേസമയം ഗാനവിവാദത്തിൽ ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ ഡിഎംകെയുടെ വിദ്യാർഥി സംഘടന പ്രതിഷേധിച്ചു.