തൃക്കരിപ്പൂർ: സഹോദര സമുദായത്തിന്റെ നേതൃത്വത്തിലുള്ള ഉത്സവത്തിനു ഭക്ഷണമൊരുക്കാൻ പച്ചക്കറികളുമായി വെള്ളാപ്പ് ഖാദിമുൽ ഇസ്ലാം ജമാ അത്ത് കമ്മിറ്റി ഭാരവാഹികൾ ക്ഷേത്രത്തിലെത്തി. മീലിയാട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് മാറുന്ന കാലഘട്ടത്തിലും മനുഷ്യബന്ധങ്ങൾ ഉൗട്ടിയുറപ്പിക്കുന്ന സൗഹാർദ കാഴ്ച്ച നടന്നത്.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുന്ന ആണ്ടിയൂട്ട് ഉത്സവത്തിനു മീലിയാട്ട് സുബ്രഹ്മണ്യം കോവിലിൽ അന്നദാനം പ്രാധാന്യമേറിയതാണ്. ഇന്നലെ വൈകുന്നേരമാണ് വെള്ളാപ്പ് ഖാദിമുൽ ഇസ്ലാം ജമാ അത്ത് കമ്മിറ്റി ഭാരവാഹികളായ യു.പി.സി. അഹമ്മദ് ഹാജി, എ.പി. ഹാരിസ്, എൽ.കെ. യൂസഫ്, എ.പി. സിറാജ്,എ.പി. മൊയ്തീൻ, എ.ജുനൈദ് എന്നിവരുടെ നേതൃത്വത്തിൽ വാഹനം നിറയെ പച്ചക്കറികളുമായി ക്ഷേത്ര സന്നിധിയിലെത്തിയത്.
പഴയങ്ങാടി രഞ്ജിത്ത് പൂജാരിയുടെ നേതൃത്വത്തിൽ സുബ്രഹ്മണ്യം കോവിൽ ഭരണസമിതി ഭാരവാഹികളായ ടി.സുനേഷ്, എം. മഹേഷ്, ടി. ഭാസ്കരൻ, അജിത്ത് തൈക്കീൽ എന്നിവർ ജമാ അത്ത് ഭാരവാഹികളെ ക്ഷേത്രത്തിലേക്കു സ്വീകരിച്ചു. സൗഹാർദം പങ്കിട്ട് ലഘുപാനീയങ്ങളും നൽകിയാണു ക്ഷേത്രം ഭാരവാഹികൾ പള്ളി കമ്മിറ്റി ഭാരവാഹികളെ യാത്രയാക്കിയത്. നബിദിനാഘോഷവേളകളിൽ യാത്രാംഗങ്ങൾക്കു ലഘുപാനീയങ്ങളും മധുരപലഹാരങ്ങളും എല്ലാ വർഷവും സുബ്രഹ്മണ്യംകോവിൽ ഭരണസമിതി നേതൃത്വത്തിൽ വിതരണം ചെയ്യാറുമുണ്ട് .