രാജ്യത്തെ ഹിന്ദു പെണ്കുട്ടികളെയും സ്ത്രീകളെയും നിര്ബന്ധിത മതപരിവര്ത്തനത്തിനും വിവാഹത്തിനും ഇരയാക്കുന്നതിനെതിരേ കറാച്ചിയില് പ്രതിഷേധമാര്ച്ച്.
ന്യൂനപക്ഷ ഹിന്ദു സമുദായത്തിലെ നിരവധി അംഗങ്ങള് മാര്ച്ചില് പങ്കെടുത്തു. പാക്കിസ്ഥാന് ദാരാവര് ഇത്തിഹാദ് (പിഡിഐ) എന്ന ഹിന്ദു സംഘടനയാണ് കറാച്ചി പ്രസ് ക്ലബ്ബിന് പുറത്തും സിന്ധ് അസംബ്ലി മന്ദിരത്തിന്റെ കവാടത്തിലും പ്രതിഷേധിച്ചത്.
”സിന്ധിലെ ഹിന്ദുക്കള് നേരിടുന്ന ഈ വലിയ പ്രശ്നം ഉയര്ത്തിക്കാട്ടാന് ഞങ്ങള് ആഗ്രഹിച്ചു, പ്രത്യേകിച്ച് നമ്മുടെ 12 ഉം 13 ഉം വയസുള്ള പെണ്കുട്ടികളെ പട്ടാപ്പകല് തട്ടിക്കൊണ്ടുപോയി ഇസ്ലാം മതം സ്വീകരിക്കാന് നിര്ബന്ധിതരാക്കുകയും തുടര്ന്ന് പ്രായമായ മുസ്ലീം പുരുഷന്മാരെകൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. ”പിഡിഐയിലെ ഒരു അംഗം പറഞ്ഞു.
വ്യാഴാഴ്ച നടന്ന പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടുവെന്നും പലരും ഈ കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിട്ടുപോലും ഉണ്ടായിരുന്നില്ലെന്നും ഇക്കാര്യത്തില് വലിമാറ്റം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വന് പൊലീസ് സംഘത്തിന്റെ അകമ്പടിയോടെ നടന്ന പ്രതിഷേധം സമാധാനപരമായിരുന്നു. ഹിന്ദു പെണ്കുട്ടികളെയും സ്ത്രീകളെയും നിര്ബന്ധിത മതപരിവര്ത്തനത്തിന് ഇരയാക്കുന്നതിനെതിരെ ബില് പാസാക്കണമെന്ന് സര്ക്കാരിനോട് ആവശ്യപ്പെടുന്ന പ്ലക്കാര്ഡുകളും ബാനറുകളും പ്രതിഷേധക്കാര് ഉയര്ത്തി.
സമീപ മാസങ്ങളില് സിന്ധിലെ ഉള്പ്രദേശങ്ങളില് ഇത്തരം സംഭവങ്ങളില് വര്ധനയുണ്ടായിട്ടുണ്ട്. നീതിതേടിയുള്ള ഇരകളുടെ രക്ഷിതാക്കള് സമര്പ്പിച്ച ഹര്ജികള് കീഴ്കോടതികളില് കെട്ടിക്കിടക്കുകയാണ്.
നിര്ഭാഗ്യവശാല്, പ്രതിഷേധക്കാരുടെ അപേക്ഷ കേള്ക്കാന് പ്രവിശ്യാ സര്ക്കാരില് നിന്നുള്ള ഒരു പ്രതിനിധിയും എത്തിയിരുന്നില്ല.
2019ല് സിന്ധ് പ്രവിശ്യയ്ക്ക് കീഴിലുള്ള ജില്ലകളില് ഹിന്ദു പെണ്കുട്ടികള് നിര്ബന്ധിത മതപരിവര്ത്തനത്തിനിരയാകുന്ന വിഷയം സിന്ധ് അസംബ്ലിയില് വന്നിരുന്നു.
ഇത് ഹിന്ദു പെണ്കുട്ടികള്ക്ക് മാത്രമായി പരിമിതപ്പെടുത്തരുതെന്ന ചില നിയമനിര്മാതാക്കളുടെ എതിര്പ്പിനെത്തുടര്ന്ന് പ്രമേയം ചര്ച്ച ചെയ്യുകയും ഏകകണ്ഠമായി പാസാക്കുകയും ചെയ്തു.
എന്നാല് നിര്ബന്ധിത മതപരിവര്ത്തനം കുറ്റകരമാക്കുന്ന ബില് പിന്നീട് നിയമസഭയില് തള്ളപ്പെട്ടു. സമാനമായ ഒരു ബില് വീണ്ടും നിര്ദ്ദേശിച്ചെങ്കിലും 2021ല് അതും നിരസിക്കപ്പെട്ടു.
ഈ വര്ഷം ജനുവരിയില്, പാക്കിസ്ഥാനില് 13 വയസ്സുള്ള പെണ്കുട്ടികളെ തട്ടിക്കൊണ്ടുപോകല്, നിര്ബന്ധിത മതപരിവര്ത്തനം, വിവാഹം എന്നിവ വര്ദ്ധിച്ചുവരുന്ന സംഭവങ്ങളില് ഐക്യരാഷ്ട്രസഭയുടെ 12 ഓളം മനുഷ്യാവകാശ പ്രവര്ത്തകര് ആശങ്ക പ്രകടിപ്പിച്ചു.
നിര്ബന്ധിത മതപരിവര്ത്തനവും വിവാഹവും ഇസ്ലാമില് നിയമവിരുദ്ധമാണ്. പാകിസ്ഥാന് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്ട്ട് പ്രകാരം പ്രതിവര്ഷം 1000ത്തോളം പെണ്കുട്ടികളാണ് നിര്ബന്ധിത മതപരിവര്ത്തനത്തിന് വിധേയരാകുന്നത്.
ഹിന്ദുക്കളാണ് പാകിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗം. മുസ്ലിം ഭൂരിപക്ഷമുള്ള പാകിസ്ഥാനില് 45 ലക്ഷത്തോളം ഹിന്ദുക്കളുണ്ടെന്നാണ് കണക്ക്. 20.7 കോടി ജനസംഖ്യയുള്ള പാകിസ്ഥാനില് മുസ്ലിങ്ങള് 96 ശതമാനമാണ്.
ഹിന്ദുക്കള് 2.1 ശതമാനവും ക്രിസ്ത്യാനികള് 1.6 ശതമാനവുമാണെന്നാണ് പാകിസ്ഥാന് മനുഷ്യാവകാശ കമ്മീഷന്റെ കണക്ക്. ഭൂരിഭാഗം ഹിന്ദുക്കളും കഴിയുന്നത് സിന്ധ് മേഖലയിലാണ്.