ന്യൂഡൽഹി: കാവിയുടുത്താലും കുറിതൊട്ടാലും ആരും ബിജെപിയാകില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എ.കെ. ആന്റണിയുടെ മൃദുഹിന്ദുത്വ പരാമർശത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ആകെയുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് എ.കെ ആന്റണി പ്രസംഗിച്ചത്. ചന്ദനക്കുറി തൊട്ടാലോ കാവിമുണ്ട് ഉടുത്താലോ ബിജെപി ആവില്ല.
അമ്പലത്തില്‍ പോകുന്നതുകൊണ്ട് ഒരാള്‍ ബിജെപി ആകുമോ?. അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇന്ത്യയില്‍ ഒട്ടാകെയുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് ആന്റണി പ്രസംഗിച്ചത്. അത് ശരിയായ നിലപാടാണ്.
അതില്‍ യാതൊരു തെറ്റുമില്ല. എല്ലാവരേയും ഉള്‍ക്കൊണ്ടു പോകുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിതമായ നയം. അതാണ് അദ്ദേഹം പറഞ്ഞതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഡൽഹിയിൽ ചില പരിപാടികൾ ഉള്ളതുകൊണ്ടാണ് യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.
“മുസ്ലീമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തിൽപോയാൽ, നെറ്റിയിൽ തിലകംചാർത്തിയാൽ, ചന്ദനക്കുറിയിട്ടാൽ ഉടൻതന്നെ അവർ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ട്.
ഈ സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കുകയുള്ളൂ’’, എന്നായിരുന്നു കോൺഗ്രസിന്റെ 138-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യവെ എ.കെ. ആന്റണി പറഞ്ഞത്.