പത്തനംതിട്ട: എച്ച് വൺ എൻ വൺ മരണം പത്തനംതിട്ട ജില്ലയിൽ സ്ഥിരീകരിച്ചതോടെ മുന്നറിയിപ്പുകളുമായി ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും. കീഴ് വായ്പൂര് സ്വദേശിയായ പത്തുവയസുകാരിയുടെ മരണമാണ് എച്ച് വൺ എൻ വൺ മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന പെൺകുട്ടി കഴിഞ്ഞ ശനിയാഴ്ചയയാണ് മരിച്ചത്.
പെൺകുട്ടിയുടെ മരണം എച്ച് വൺ എൻ വൺ മൂലമാണെന്ന സ്ഥിരീകരണം ലഭിച്ചതോടെ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.ഒരുതരം വൈറൽപനിയാണ് എച്ച് വൺ എൻ വൺ. കഴിഞ്ഞ ജനുവരി മുതൽ രോഗം ജില്ലയിൽ കണ്ടുവരുന്നുണ്ടെന്ന് ഡിഎംഒ ഡോ.എ.എൽ. ഷീജ പറഞ്ഞു. എന്നാൽ മരണം ഇതാദ്യമാണ്. പത്തുപേരിൽ രോഗം സ്ഥിരീകരിച്ചിരുന്നു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എച്ച് വൺ എന്‍വൺ പനി ചികിത്സയ്ക്കുള്ള ഒസള്‍ട്ടാമിവിര്‍ ഗുളിക സൗജന്യമായി ലഭിക്കും. രോഗ നിര്‍ണയത്തിനായി തൊണ്ടയില്‍ നിന്നുള്ള സ്രവം എടുക്കുന്നതിന് പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍,കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല, റാന്നി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു.