പ്രകൃതിയുടെയും ആവാസ്ഥവ്യവസ്ഥയുടെയും നാശത്തിന് എപ്പോഴും പഴി മനുഷ്യർക്കാണ്. അത് ഒരു പരിധിവരെ ശരിയാണു താനും. എന്നാൽ, കൊളംബിയയിലെ കഥ വ്യത്യസ്തമാണ്.
അവിടുത്തെ ആവാസവ്യവസ്ഥയെ അപ്പാടെ നശിപ്പിക്കുന്നതു കുറെ ഹിപ്പപൊട്ടാമസുകളാണ്. “കൊക്കെയ്ൻ ഹിപ്പോസ്’ ഈ പേരുപോലും അല്പം ഭീതിയുണർത്തന്നുണ്ടല്ലേ? പിന്നിലെ കഥയും അല്പം ഭീകരമാണ്.
അന്നു നാല്, ഇന്നു നൂറ്
കൊക്കെയ്ൻ രാജാവ് പാബ്ലോ എസ്കോബാറിനെക്കുറിച്ചു കേട്ടിട്ടില്ലേ. എസ്കോബാറിന്റെ സ്വകാര്യ മൃഗശാലയിൽനിന്നു രക്ഷപ്പെട്ട നാലു ഹിപ്പപൊട്ടാമസുകളാണ് ഇന്നു കൊളംബിയയുടെ ഉറക്കം കെടുത്തുന്നത്.
1993ൽ എസ്കബോർ കൊല്ലപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ സ്വകാര്യ മൃഗശാല ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ കൊളബിയയിലെ ആഡംബര എസ്റ്റേറ്റിന്റെ നിയന്ത്രണം കൊളംബിയൻ സർക്കാർ ഏറ്റെടുത്തു. മിക്ക മൃഗങ്ങളെയും അവിടുന്നു മാറ്റിപാർപ്പിച്ചിരുന്നെങ്കിലും എസ്കോബോറിന്റെ അരുമകളായിരുന്ന നാലു ഹിപ്പപൊട്ടാമസുകൾ മാത്രം രക്ഷപ്പെട്ടു.
കൊളംബിയയിലെ മഗ്ദലേന നദീതടത്തിൽ തന്പടിച്ച ഇവ അതിവേഗമാണ് പെറ്റുപെരുകിയത്. എണ്ണം പെരുകിയതോടെ വിഷലിപ്തമായ ഇവയുടെ കാഷ്ഠവും മൂത്രവുമൊക്കെ മറ്റു ജീവികൾക്കു ഭീഷണി ഉയർത്തുകയാണ്.
ഇതിനു പുറമേ ഇവ വഹിക്കുന്ന ബാക്ടീരിയയും മനുഷ്യനും മൃഗങ്ങൾക്കും അപകടമായേക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു.രക്ഷപ്പെടുന്പോൾ നാലെണ്ണമായിരുന്നത് ഇപ്പോൾ 80നും 100നും ഇടയിലാണ് ഇവയുടെ എണ്ണം. ഇങ്ങനെ പോയാൽ 2024ലോടെ ഹിപ്പോയുടെ എണ്ണം 1,500 ആയി ഉയരുമെന്നാണ് വിദഗ്ധർ പറയുന്നത്.
കൊല്ലണോ വേണ്ടയോ?
ഇവയെ മാറ്റിപ്പാർപ്പിക്കുകയോ വന്ധീകരിക്കുകയോ ചെയ്യുക എന്നതാണ് മുന്നോട്ടുവയ്ക്കുന്ന പരിഹാര മാർഗം. എന്നാൽ, ഈ മാർഗങ്ങളൊന്നും പരിഹാരമാകില്ലെന്നാണ് ചില ശാസ്ത്രജ്ഞരുടെ അഭിപ്രായം. വെടിവച്ചു കൊല്ലുക എന്ന ആശയത്തോടു പലർക്കും താൽപര്യമില്ല. പക്ഷേ, മറ്റൊരു തന്ത്രവും നടക്കില്ലെന്നു പരിസ്ഥിതി ശാസ്ത്രജ്ഞനായ നതാലി കാസ്റ്റൽ അഭിപ്രായപ്പെടുന്നു.
ആരാണ് പാബ്ലോ എസ്കോബോർ
കൊളംബിയയിൽ 1949 ലാണ് പാബ്ലോ എസ്കോബോറിന്റെ ജനനം. കൗമാരപ്രായത്തിൽ കുറ്റകൃത്യങ്ങളിലൂടെയായിരുന്നു അയാളുടെ ജീവിതം.
വ്യാജ ഡിപ്ലോമകൾ വില്ക്കുക, കാറുകൾ മോഷ്ടിക്കുക, സ്റ്റീരിയോ ഉപകരണങ്ങൾ കടത്തുക, കല്ലറകൾ കടത്തുക എന്നിവയായിരുന്നു ആദ്യകാല കുറ്റകൃത്യങ്ങൾ.
പിന്നീട് 1980-90 കളിൽ ലോകത്തിലെ ഏറ്റവും ശക്തനായ മയക്കുമരുന്നു കടത്തുകാരനും മെഡിലിൻ കാർട്ടലിന്റെ തലവനുമായിമാറി. ആ കാഘട്ടത്തിൽ അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്യപ്പെട്ടിരുന്ന കൊക്കെയ്ന്റെ 80 ശതമാനത്തിലധികവും എസ്കബോറിന്റെ കരങ്ങളിലൂടെയാണെന്നാണ് പറയപ്പെടുന്നത്.
കൊളബിയയിലെ 7000 ഏക്കറോളം വരുന്ന എസ്റ്റേറ്റിൽ 63 മില്യണ് ഡോളർ ചെലവഴിച്ചു വൻ സാമ്രാജ്യം തന്നെ പാബ്ലോ കെട്ടിപടുത്തു.
അവിടെയായിരുന്നു ഹിപ്പപൊട്ടാമസും ജിറാഫും ഒട്ടകങ്ങളുമൊക്കെയടങ്ങുന്ന മൃഗശാലയും. കൃത്രിമ തടാകങ്ങളും ദിനോസർ പ്രതിമകളും ഫൂട്ബോൾ ടെന്നീസ് മൈതാനങ്ങളും എയർസ്ട്രിപ്പുമൊക്കെയായി ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു പാബ്ലോയുടെ സാമ്രാജ്യം.
ദരിദ്രരെ സഹായിക്കാനുള്ള വിവിധ പദ്ധതികൾക്കു ധനസഹായം നൽകിയിരുന്നതിനാൽ റോബിൻഹുഡ് എന്നും പാബ്ലോയ്ക്കു വിളിപ്പേരുണ്ടായിരുന്നു.
1993 ഡിസംബർ രണ്ടിനു പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റാണ് 43ാം വയസിൽ ഇയാൾ കൊല്ലപ്പെടുന്നത്. ലോകത്തെ അതിസന്പന്നരുടെ സ്ഥാനത്ത് ഏഴാമതായിരുന്നു കൊല്ലപ്പെടുന്പോൾ എസ്കോബാറിന്റെ സ്ഥാനം.