കണ്ണൂര്‍: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പിടിയില്‍നിന്നു വഴുതിമാറാന്‍ ഹൈറിച്ച് ഉടമകളെ സഹായിച്ചത് കേരള പോലീസിലെ ചിലരെന്നു സൂചന. ഇന്നലെ രാവിലെ രഹസ്യമായി നടന്ന ഇഡിയുടെ റെയ്ഡ് വിവരം ചോര്‍ത്തി നല്‍കിയതാണ് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കിയത്.
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിനെതിരേയുള്ള കേസില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ മറവില്‍ കുറഞ്ഞത് 1,630 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണിതെന്നും ചേര്‍പ്പ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
പൊള്ളാച്ചിയിലെ അനശ്വര ട്രേഡേഴ്സ്, നിധി ലിമിറ്റഡ്, കോടാലിയിലെ ഫാംസിറ്റി, ഒടിടി പ്ലാറ്റ്ഫോം, വിദേശരാജ്യങ്ങളിലെ 80 പ്രദേശങ്ങളിലുള്‍പ്പെടെ നടത്തുന്ന ക്രിപ്റ്റോ കറന്സിയിടപാടുകള് എന്നിവയെപ്പറ്റിയെല്ലാം റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു.
ഇഡിയുടെ അന്വേഷണം
പോലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച കുറ്റങ്ങളുടെ ഗൗരവം ഉള്‍ക്കൊണ്ടായിരുന്നു ഇഡിയുടെ അന്വേഷണം. ഒന്നരലക്ഷത്തിലധികം പേരില്‍നിന്ന് നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിച്ചതയി കണ്ടെത്തിയിരുന്നു.
ക്രിപ്റ്റോ കറന്‍സി തട്ടിപ്പിലൂടെ നൂറുകോടിയുടെ കള്ളപ്പണം വിദേശത്തേക്ക് കടത്തിയതായ സൂചനയും ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് മുന്‍ എംഎല്‍എ അനില്‍ അക്കര എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ പരാതിയെ തുടര്‍ന്നാണ് ഇഡി സംഘം കണിമംഗലത്തെ വീട്ടിലെത്തിയത്.
ഹൈറിച്ചിന്റെ ഓഫീസിലും ഇവര്‍ പരിശോധന നടത്തിയിരുന്നു. നിരവധി രേഖകള്‍ പരിശോധനയില്‍ കണ്ടെത്തിയതായാണ് പുറത്തുവരുന്ന വിവരം. തട്ടിപ്പിന്റെ തീവ്രത ഇതിനകം പകല്‍പോലെ വ്യക്തമായതിനാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയെന്ന നീക്കവും ഇവര്‍ക്കുണ്ടായിരുന്നു.
രഹസ്യമായി ആസൂത്രണം ചെയ്ത റെയ്ഡ് വിവരം ചോര്‍ന്നതിന്റെ ഞെട്ടലിലാണിവര്‍. പ്രതികള്‍ക്ക് രക്ഷപ്പെടാനായി പഴുതുകളൊരുക്കിയത് പോലീസിലെ ചിലരാണെന്ന നിഗമനത്തിലാണ് ഇഡി ഉദ്യോഗസ്ഥര്‍.
സുല്‍ത്താന്‍ ബത്തേരി പോലീസ് ഹൈറിച്ചിനെതിരായ പരാതികളില്‍ എഫ്ഐആര്‍ ഇട്ടതല്ലാതെ മറ്റൊരു നീക്കവും പോലീസിന്റെ ഭാഗത്തുനിന്നു നിയമംമൂലം നിരോധിക്കപ്പെട്ട മണിചെയിന്‍ ഇടപാടുകാര്ക്കെതിരെയുണ്ടായില്ല.
ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെ മുന്‍ എസ്ഐ അന്വേഷണം നടത്തി കണ്ടെത്തി കസ്റ്റഡിയിലെടുത്ത ഹൈറിച്ചിന്റെ കംപ്യൂട്ടറുകളിലെ വിവരങ്ങള്‍പോലും പരിശോധിക്കാന്‍ തയാറായില്ലായെന്നതാണ് വസ്തുത. ഇതൊക്കെ ഉയര്‍ത്തുന്നത് നിരവധി ചോദ്യങ്ങളാണ്.