ഹിരോഷിമ: അണ്വായുധത്തിന് സ്വീകാര്യത വർധിക്കുന്നതിൽ മുന്നറിയിപ്പുമായി ഹിരോഷിമ നഗര നേതൃത്വം.സമാധാനത്തിനും പ്രതിരോധത്തിനും വേണ്ടി അണ്വായുധം സ്വന്തമാക്കണമെന്ന ആവശ്യം ജപ്പാനിലടക്കം വർധിച്ചുവരുന്നതായി ഹിരോഷിമ ഗവർണർ ഹിഡെഹികോ യുസായി ചൂണ്ടിക്കാട്ടി.
ഹിരോഷിമയിൽ അമേരിക്ക അണ്വായുധം പ്രയോഗിച്ചതിന്റെ 78-ാം വാർഷികദിനമായ ഇന്നലെ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെയാണ് ഇത്തരം അതിക്രമങ്ങൾ ചെറുക്കാൻ അണ്വായുധം സ്വന്തമാക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അണ്വായുധത്തിനു സമാധാനം നല്കാനാവില്ലെന്നതിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് അണ്വായുധത്തെക്കുറിച്ച് ഇപ്പോൾ ചില ലോകനേതാക്കൾ ഉയർത്തുന്ന ആശങ്കയെന്ന് ഹിരോഷിമ മേയർ കസൂമി മാറ്റ്സുയിയും പറഞ്ഞു.
ഇന്നലെ പ്രധാനമന്ത്രി ഫുമിയോ കിഷിഡ അടക്കമുള്ള ജാപ്പനീസ് നേതാക്കൾ ഹിരോഷിമയിലെ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
ലോകത്തിൽ ആദ്യമായി അണ്വായുധം പ്രയോഗിക്കപ്പെട്ടത് ഹിരോഷിമയിലാണ്. 1,40,000 പേരാണു കൊല്ലപ്പെട്ടത്. മൂന്നു ദിവസത്തിനുശേഷം നാഗസാക്കിയിൽ അമേരിക്ക പ്രയോഗിച്ച ആണവബോംബ് 70,000 പേരുടെ ജീവനുമെടുത്തു.