കൊല്ലം: വൈഎംസിഎ സൗത്ത് വെസ്റ്റ് ഇൻഡ്യ റീജിയൻ ഹിരോഷിമ – നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമാധാന വാരാചരണത്തിന്റെ സംസ്ഥാനതല സമാപനം കുരീപ്പള്ളി വൈഎംസിഎയിൽ നടന്നു.എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു.
ഇനിയൊരു യുദ്ധം താങ്ങാനാവില്ലെന്ന സന്ദേശമാണ് ഹിരോഷിമ-നാഗസാക്കി ദുരന്തം നമുക്ക് നൽകുന്ന സന്ദേശമെന്നും രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ലഘൂകരിക്കണമെന്നും പുതിയൊരു സമാധാന സംസ്കാരത്തിന്റെ വക്താക്കളായി യുവതലമുറയെ മാറ്റിയെടുക്കുവാൻ സംഘടനകൾ കൂട്ടായി യത്നിക്കണമെന്നും എംപി പറഞ്ഞു.
ബിഷപ് ഡോ.സ്റ്റാൻലി റോമൻ അനുഗ്രഹ പ്രഭാഷണവും മുൻ ദേശീയ പ്രസിഡന്റ് ഡോ.ലെബി ഫിലിപ്പ് മാത്യു സമാധാന സന്ദേശവും നൽകി. സംസ്ഥാന വൈസ് ചെയർമാൻ എ.കെ.സന്തോഷ് ബേബി അധ്യക്ഷത വഹിച്ചു. ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി സമാധാന പ്രതിജ്ഞ ചൊല്ലി കൊടുത്തു.സബ് റീജിയൻ ചെയർമാൻമാരായ എം.തോമസ്കുട്ടി, കെ.ബാബുക്കുട്ടി, പി.എ.സജിമോൻ,സി.പി.ശാമുവേൽ, റവ.എസ്.ശിലാസ്, വൈഎംസിഎ പ്രസിഡന്റ് ജോൺ വർഗീസ് പുത്തൻപുര, ജയിംസ് ജോർജ്, മാത്യു വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഏഴ് ദിവസങ്ങളായി നടന്ന സമാധാന വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ സമ്മേളനങ്ങൾ, സമാധാനസംഗമം, യുവജന അസംബ്ലി, ദേശീയോദ്ഗ്ഥന റാലി, മാനവമൈത്രി സംഗമം, സമാധാന സദസ്, യുദ്ധകെടുതികൾ വിളിച്ചോതുന്ന ചിത്രപ്രദർശനം എന്നിവ നടന്നു.കഴിഞ്ഞ നാലിന് മണർകാട് വൈഎംസിഎയിൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ.ടി.തോമസാണ് വാരാചരണം ഉദ്ഘാടനം ചെയ്തത്.
വൈഎംസിഎ പ്രസ്ഥാനത്തിന്റെ ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സമാധാന നിർമ്മിതിക്ക് ലോകത്തെ ഏറ്റവും വലിയ എക്യൂമെനിക്കൽ പ്രസ്ഥാനം എന്ന സന്ദേശമുയർത്തി പരിപാടികൾ സംഘടിപ്പിച്ചത്.