ടെൽ അവീവ്: ഇസ്രയേൽ സൈനിക വാഹനവ്യൂഹത്തിനു നേർക്ക് ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ ഇസ്രേലി പൗരൻ കൊല്ലപ്പെട്ടു. ടാങ്ക് വേധ മിസൈലുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട് വാഹനങ്ങൾ തകർത്തതായി ഹിസ്ബുള്ള അറിയിച്ചു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായും ചികിത്സയിലിരിക്കെ മരിച്ചതായും ഇസ്രയേൽ സൈന്യം പറഞ്ഞു.
ലബനൻ അതിർത്തിയിലെ തർക്കഭൂമിയായ ഹാർദോവിലായിരുന്നു ആക്രമണം നടന്നത്. വ്യാഴാഴ്ച ഇസ്രയേൽ റാഫയിൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. മധ്യഗാസയിൽ ഇസ്രയേൽ നടത്തിയ ടാങ്ക് ഷെല്ലിംഗിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിനിടെ വ്യാഴാഴ്ച ഏദൻ കടലിടുക്കിലിലൂടെ കടന്നുപോയ കപ്പലിനു നേർക്ക് ഹൂതികളുടെ ആക്രമണമുണ്ടായി. ഗാസയിൽ യുദ്ധം ആരംഭിച്ചതു മുതൽ ഹിസ്ബുള്ളയും ഇസ്രേലി സൈന്യവും തമ്മിൽ ലബനൻ അതിർത്തിയിൽ ദിവസവും വെടിവയ്പുണ്ടാകാറുണ്ട്.
അടുത്തിടെ ഇസ്രയേൽ ഹിസ്ബുള്ളയുടെ ഉന്നത തീവ്രവാദി നേതാക്കളെ ലക്ഷ്യംവച്ചതോടെയാണ് ലബനൻ അതിർത്തിയിലും വെടിവയ്പ് രൂക്ഷമായത്. വെടിവയ്പിൽ ഇരുഭാഗത്തും ആൾനാശമുണ്ടായിട്ടുണ്ട്. 10 സാധാരണക്കാരും 12 സൈനികരും ഹിസ്ബുള്ളയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ പറയുന്നു. ലബനനിൽ 350ൽ അധികംപേരാണ് കൊല്ലപ്പെട്ടത്.