ജറുസലേം: ലെബനനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇബ്രാഹിം ഖുബൈസി, ഹിസ്ബുള്ളയുടെ മിസൈല്‍-റോക്കറ്റ് വിഭാഗത്തിന്റെ കമാന്‍ഡര്‍ എന്ന് റിപ്പോർട്ട്. വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ഖുബൈസിയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് (ഐഡിഎഫ്) പറയുന്നു.
1980കൾ മുതലാണ് ഖുബൈസി ഹിസ്ബുള്ളയുടെ ഭാഗമായത്. ഖുബൈസിക്കൊപ്പം കൊല്ലപ്പെട്ട മറ്റു രണ്ടു ഹിസ്ബുള്ള കമാന്‍ഡര്‍മാരും റോക്കറ്റ് -മിസൈല്‍ വിഭാഗങ്ങളുടെ നേതൃനിരയില്‍ ഉണ്ടായിരുന്നവരാണെന്നും ഐഡിഎഫ് വ്യക്തമാക്കുന്നു. 2000ല്‍ മൂന്ന് ഇസ്രയേല്‍ സൈനികരെ തട്ടിക്കൊണ്ടുപോയ മൗണ്ട് ഡോവ് ഓപ്പറേഷന് പിന്നില്‍ ഖുബൈസി ആയിരുന്നുവെന്നും പറയുന്നുണ്ട്.
ഈ സൈനികരെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹിസ്ബുള്ളയില്‍ വലിയ സ്വാധീനമുള്ള ഇബ്രാഹിം ഖുബൈസിയുടെ മരണത്തെ രക്തസാക്ഷിത്വം എന്നാണ് ഹിസ്ബുള്ള വിശേഷിപ്പിച്ചത്. അതേസമയം, ഇസ്രയേലിനോട് ഒറ്റയ്ക്ക് ഏറ്റുമുട്ടാൻ ഹിസ്ബുള്ളയ്ക്ക് കഴിയില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങളിൽനിന്നും അമേരിക്കയിൽനിന്നും എല്ലാവിധത്തിലുള്ള പിന്തുണയും ലഭിക്കുന്ന രാജ്യമാണ് ഇസ്രയേൽ. ഇവരെല്ലാം ഇസ്രയേലിനെ പിന്തുണയ്ക്കുകയും ആയുധങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്ന് പെസഷ്കിയൻ പറഞ്ഞു.
ഹിസ്ബുള്ളയ്ക്ക് ഇറാൻ പിന്തുണ നൽകുമോ എന്ന ചോദ്യത്തോട് ലെബനനെ മറ്റൊരു ഗാസയാക്കി മാറ്റാൻ അനുവദിക്കരുതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയാണെന്നായിരുന്നു ഇറാൻ പ്രസിഡന്റിന്റെ മറുപടി. കഴിഞ്ഞ ദിവസം ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 569 പേർ കൊല്ലപ്പെട്ടിരുന്നു.