കോട്ടയം: ഹണിട്രാപ്പ് കേസ് അന്വേഷണത്തിൽ പിടിയിലാകാനുള്ള കോട്ടയത്തെ ഗുണ്ടാതലവൻ ബാംഗളൂരിലുള്ളതായി പോലീസിനു സൂചന ലഭിച്ചു.
കുടമാളൂർ സ്വദേശിയായ ഇയാൾ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോവുകയായിരുന്നു. കണ്ണൂരിലെ കൊലപാതക കേസ് അടക്കം നിരവധി കേസുകളിലെ പ്രതികൂടിയാണ് ഇയാൾ.
ഇയാളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസിനെതിരെയും വിമർശനം ഉയർന്നിരുന്നു. ഗുണ്ടാതലവന് ഉന്നത ഉദ്യോഗസ്ഥനുമായിട്ടുള്ള അടുപ്പം മൂലമാണ് അറസ്റ്റ് വൈകുന്നതെന്നായിരുന്നു ആരോപണം.
ഇയാളെ പിടികൂടുന്നതിനായി കാമുകിയെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല.
ദിവസങ്ങൾക്കു മുന്പു ഗുണ്ടാതലവന്റെ രഹസ്യ കേന്ദ്രത്തെക്കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും പോലീസിന്റെ നീക്കം മുൻകൂട്ടിയറിഞ്ഞ് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് പോലീസ് അന്വേഷണം ഉൗർജിതമാക്കിയതോടെയാണ് ഇപ്പോൾ ബാംഗളൂരിലുണ്ടെന്നുള്ള വിവരം പുറത്തു വരുന്നത്. ഹണിട്രാപ് സംഘം ചിങ്ങവനം സ്വദേശിയെ തട്ടിപ്പിനിരയാക്കിയതിനു പിന്നാലെ മറ്റൊരു പ്രമുഖ രാഷ്ട്രീയ നേതാവിനെയും വലയിൽ വീഴ്ത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു.
ചിങ്ങവനം സ്വർണ വ്യാപാരിയെ കുടുക്കിയ തന്ത്രം വിജയിച്ചതിന്റെ ആത്മ വിശ്വാസത്തിലാണ് രാഷ്ട്രീയ നേതാവിനെയും മറ്റൊരു സ്വർണ വ്യാപാരിയേയും ട്രാപ്പിലാക്കാൻ പദ്ധതി ആസൂത്രണം ചെയ്തത്. ഇരുവരിൽ നിന്നും കോടിക്കണക്കിനു രൂപ തട്ടാനായിരുന്നു സംഘത്തിന്റെ പദ്ധതി.
സ്ഥലം വിൽക്കാനെന്ന വ്യാജേന രാഷ്ട്രീയക്കാരനുമായും പഴയ സ്വർണം വിൽക്കാനെന്ന പേരിൽ സ്വർണ വ്യാപാരിയുമായി ബന്ധം സ്ഥാപിച്ചതിനു തൊട്ടു പിന്നാലെ ചിങ്ങവനം സ്വദേശി പരാതി നൽകിയതോടെയാണ് സംഘത്തിന് ഒളിവിൽ പോകേണ്ടി വന്നത്.
ഇവർ കൂടാതെ കെണിയിൽ വീഴിക്കേണ്ടവരുടെ ലിസ്റ്റുകൾ ഈ സംഘം ആദ്യമേ തയാറാക്കിയിരുന്നു.
തലനാരിഴയ്ക്ക് അവർ രക്ഷപ്പെട്ടു
സ്ഥലം ഇടപാടിന്റെ പേരിലാണ് വിധവയാണെന്ന വ്യാജേന സംഘത്തിലെ സ്ത്രീകളിലൊരാൾ രാഷ്ട്രീയ നേതാവിനെ ഫോണിൽ ബന്ധപ്പെട്ടത്. അതുമായി ബന്ധപ്പെട്ട് നേതാവിനെ വീട്ടിലെത്തി ഇവർ സന്ദർശിച്ചിരുന്നു.
തുടർന്ന് നേതാവ് ഇവർക്ക് സഹായം വാഗ്ദാനം ചെയ്യുകയും വിൽപ്പന നടത്താൻ തീയതി നിശ്ചയിക്കുകയുമായിരുന്നു. ആസൂത്രണം ചെയ്ത പദ്ധതി വിജയിക്കാറായപ്പോഴാണ് ചിങ്ങവനം സ്വദേശിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചത്.
തുടർന്ന് പദ്ധതി തുടരാനാവാതെ സംഘം മടങ്ങുകയായിരുന്നു. കോട്ടയം നഗരത്തിലെ ഒരു സ്വർണ വ്യാപാരിയെ സ്വർണം വിൽക്കാനുണ്ടെന്ന പേരിൽ ഫോണിൽ വിളിച്ചെങ്കിലും ഇടപാടിനായി സ്വർണക്കടയിലേക്കെത്താനാണ് അയാൾ നിർദേശിച്ചത്.
ഫ്ളാറ്റിലേക്കെത്താൻ നിർബന്ധിച്ചെങ്കിലും വ്യാപാരി വഴങ്ങാതിരുന്നതോടെയാണ് പദ്ധതി തകർന്നത്. ഇതുകൂടാതെ നിരവധി പേരെ ഫോണിൽ വിളിച്ചു കുടുക്കാനുള്ള ശ്രമം സംഘം ആരംഭിച്ചിരുന്നു.
സംഘത്തിൽ കൂടുതൽ സ്ത്രീകൾ
ഫോണിൽ വിളിച്ച് ആളുകളെ ഹണിട്രാപ് സംഘത്തിന്റെ കുടുക്കിലെത്തിക്കുന്നത് സ്ത്രീകൾ. തട്ടിപ്പ് സംഘത്തിനൊപ്പം കൂടുതൽ സ്ത്രീകൾ ഉൾപ്പെട്ടതായാണ് പുറത്തു വരുന്ന വിവരം.
കേസുബമായി ബന്ധപ്പെട്ട് ഫസീല(34), സുമ (30) എന്നീ സ്ത്രീകളാണ് ഇപ്പോൾ പോലീസ് പിടിയിലായിരിക്കുന്നത്. ട്രാപ്പിൽ പെടുത്താനായി സംഘം തയാറാക്കുന്ന ലിസ്റ്റിലുള്ളവരെ പട്ടിക പ്രകാരം ഫോണിൽ വിളിക്കുന്നത് ഫസീലയാണ്.
ശബ്ദത്തിൽ മോഡുലേഷൻ വരുത്തി സുന്ദരമായി സംസാരിക്കുന്നതോടെ അവരുമായി അടുത്ത ബന്ധം ഫസീല സൃഷ്ടിക്കുന്നു. ഫോണിൽ വിളിക്കുന്നവർ ഏതു മേഖലയുമായി ബന്ധപ്പെട്ടവരാണെന്നുള്ള പഠനം നടത്തി അത്തരം കാര്യങ്ങൾ സംസാരിച്ചാണ് സൗഹൃദം സ്ഥാപിക്കുന്നത്.
ഒന്നു രണ്ടു തവണ ഫോണ് വിളിച്ചശേഷം തുടർന്നു വാടസ് ആപ്പിലൂടെ ചാറ്റിംഗ് തുടങ്ങും. ഇത്തരത്തിൽ ആകൃഷ്ടരാകുന്നവരെ സംഘത്തിൽപ്പെട്ട സുമയെ കാണിച്ചാണ് വരുതിയിലാക്കിയിരുന്നത്.
ഇതിനായി സുമയുടെ ചിത്രം മോർഫ് ചെയ്ത് വാട്സ് ആപ്പിലൂടെ നല്കുകയാണ് ചെയ്യുന്നത്. സുമയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ട് ഇഷ്്ടപ്പെടുന്നവരോട് നേരിൽ കാണാമെന്ന് ആവശ്യപ്പെടും.
ഇതോടെ വലയിൽ വീണവർ നേരിട്ടു കാണാനുള്ള സ്ഥലവും സമയവും പറയും. കുറഞ്ഞതു രണ്ടു തവണയെങ്കിലും പറയുന്ന സ്ഥലത്തും സമയത്തും ഇവർ കാണാൻ കഴിയില്ലെന്നു പറഞ്ഞു ഒഴിഞ്ഞുമാറുകയാണു ചെയ്യുന്നത്.
പല തവണയായി കാണാനുള്ള അവസരം ഇല്ലാതാകുന്നതോടെ ഫോണിൽ വിളിക്കുന്ന ഫസീല തന്നെ സ്ഥലവും സമയവും പറയും. സാധാരണ ഗതിയിൽ വലയിൽ വീണിരിക്കുന്നവർ സംശയമില്ലാതെ ഇവരുടെ കെണിയിലേക്കു വന്നുകയറുകയും ചെയ്യുന്നു.
തട്ടിപ്പ് സംഘം പറയുന്ന സ്ഥലത്ത് എത്തിക്കഴിയുന്പോഴാണ് സുമയുടെ യഥാർഥ രൂപം കാണുന്നത്. എത്തിയിരിക്കുന്നയാൾ എന്തെങ്കിലും പറയുന്പോഴും ഗുണ്ടാസംഘം ചാടി വീഴുകയും ഭീഷണിപ്പെടുത്തി സുമയ്ക്കൊപ്പമുള്ള നഗ്നചിത്രങ്ങൾ പകർത്തുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്യും.
പണമില്ലെങ്കിൽ എടിഎം കാർഡ് ഉൾപ്പെടെയുള്ള വാങ്ങിയെടുക്കുകയും ചെയ്യും. ഒരാളുടെ കൈയിൽനിന്നും പണം വാങ്ങിക്കഴിഞ്ഞാൽ സംഘം കണ്ണൂരിലേക്കു മടങ്ങുകയും ചെയ്യും.