അഫ്ഗാന്-സോവിയറ്റ് യൂണിയന് യുദ്ധത്തിലെ ഏകവനിതാ പോരാളിയും പിന്നീട് താലിബാനെതിരായ പോരാട്ടത്തിന്റെ പ്രതീകമായിത്തീരുകയും ചെയ്ത കമാന്‍ഡര്‍ കാഫ്തര്‍ (ബീബി ആയിഷ) കീഴടങ്ങിയതായി താലിബാന്റെ അവകാശവാദം.
താലിബാന് വക്താക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസാണ് പുറംലോകത്തെ അറിയിച്ചത്.
ബീബിയുടെ അനുയായികള്‍ താലിബാന്റെ പിടിയിലായെന്ന് വിവരമുണ്ടെങ്കിലും ബീവി താലിബാന്റെ പിടിയിലായെന്നതിന് സ്ഥിരീകരണമില്ല.
പക്ഷേ, ബീബി തങ്ങിയിരുന്ന ബന് പ്രവിശ്യയിലെ ഉദ്യോഗസ്ഥരും ബീബിയുടെ ബന്ധുക്കളും കീഴടങ്ങല്‍ സ്ഥിരീകരിച്ചു. ബീബിയുടെ താഴ്വര ഒന്നാകെ താലിബാന് വളഞ്ഞെന്നും മറ്റു വഴിയില്ലാത്തതിനാല്‍ അവര്‍ക്കു കീഴടങ്ങേണ്ടിവന്നെന്നും ബന്ധുക്കള്‍ പറയുന്നു.
സമീപമേഖലയിലെ പോരാളികളുള്‍പ്പെടെ താലിബാന്റെ പക്ഷം ചേര്‍ന്നതാണ് കൂടുതല്‍ വിനയായതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
നടന്നത് ഒത്തുതീര്‍പ്പു കീഴടങ്ങലാണെന്നും ഒരു താലിബാന് കമാന്‍ഡറിലൂടെയാണ് താലിബാനുമായി ബീബി ഒത്തുതീര്‍പ്പിലെത്തിയതെന്നും കാഫ്തറുടെ ജില്ലയെ പ്രതിനിധീകരിക്കുന്ന ബന് പ്രവിശ്യാ സമിതിയംഗം പറഞ്ഞു.
അതേസമയം, ഇതൊന്നുമല്ല, വെടിനിര്‍ത്തലാണ് ഉണ്ടായതെന്നും ബീബി കീഴടങ്ങിയെന്നത് കെട്ടുകഥയാണെന്നും കാഫ്തറുടെ ശേഷിക്കുന്ന ആണ്‍തരിയായ റാസ് മൊഹമ്മദ് പ്രതികരിച്ചു. താലിബാനുമായുള്ള പോരാട്ടത്തിനിടെ ബീബീയുടെ മറ്റ് മൂന്ന് ആണ്മക്കളും കൊല്ലപ്പെട്ടിരുന്നു.
”അമ്മയ്ക്ക് നല്ല സുഖമില്ല. പക്ഷേ, അവര്‍ താലിബാനില്‍ ചേര്‍ന്നിട്ടില്ല. താലിബാനുമായി ഒരു പോരാട്ടവുമില്ല. ശത്രുക്കളില്‍നിന്നു രക്ഷപ്പെടാന്‍ ഞങ്ങള്‍ക്ക് ആയുധങ്ങളുണ്ട്”- റാസ് മൊഹമ്മദിന്റെ വാക്കുകള്‍ ഇങ്ങനെ.
ഒരു കാലത്ത് താലിബാനെതിരേ അഫ്ഗാന്റെ കുന്തമുനയായിരുന്നു ബീബി. പോരാട്ടങ്ങളിലെ വേഗതയും തീവ്രതയുമാണ് അവര്‍ക്ക് കമാന്‍ഡര്‍ കാഫ്തര്‍ എന്ന പേര് നല്‍കിയത്. കാഫ്തര്‍ എന്നാല്‍, പ്രാവ് എന്നര്‍ഥം.
ഇതൊക്കെയാണെങ്കിലും മക്കള്‍ മൂവരും കൊല്ലപ്പെട്ടതും പ്രായാധിക്യവും ബീബിയെ അലട്ടിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
എഴുപതു കഴിഞ്ഞ ബീവി കാല്‍മുട്ടിന് അസുഖമായി കിടപ്പിലായി. അപ്പോഴും ആ പോരാട്ടവീര്യത്തിന് കുറവൊന്നുമില്ലായിരുന്നു.
1979-ലെ അഫ്ഗാന്-സോവിയറ്റ് യൂണിയന് യുദ്ധകാലത്ത് തുടങ്ങിയതാണ് ബീബിയുടെ പോരാട്ടങ്ങള്‍. അന്നുമുതലിങ്ങോട്ട് അഫ്ഗാന്റെ സൈന്യത്തിനു വേണ്ടി അവര്‍ യുദ്ധഭൂമിയിലായിരുന്നു.
യുദ്ധം അവസാനിച്ചെങ്കിലും താലിബാന്റെ അതിക്രമങ്ങള്‍ക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും ബീബി പോരാട്ടം തുടര്‍ന്നു. നുഴഞ്ഞുകയറ്റങ്ങളെ പരാജയപ്പെടുത്തി.
ഇതിനിടയിലാണ് മൂന്ന് ആണ്മക്കളെ കുരുതികൊടുക്കേണ്ടിവന്നത്. അതോടെ സ്വന്തം കുടുംബത്തില്‍ പോലും അവര്‍ ഒറ്റപ്പെട്ടു. ബന്ധുക്കള്‍ പോലും താലിബാനു വേണ്ടി വധഭീഷണി ഉയര്‍ത്തിയെന്നാണ് പിന്നീട് കേട്ടത്.