രാഷ്ട്രീയ കേരളത്തില്‍ നിര്‍ണായകമായ പല തീരുമാനങ്ങള്‍ക്കും വേദിയായ ചരല്‍ക്കുന്ന് മറ്റൊരു രാഷ്ട്രീയ ക്യാമ്പിനു കൂടി വേദിയാകുന്നു. രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന കേരള കോണ്‍ഗ്രസ് എം ദ്വിദിന നേതൃക്യാമ്പിനാണ് ഇന്ന് ചരല്‍ക്കുന്ന് ക്യാമ്പ് സെന്ററില്‍ തുടക്കമാകുന്നത്.
കോഴഞ്ചേരിക്കു സമീപമുള്ള ഈ കുന്ന് ഒരുകാലത്ത് സംസ്ഥാനത്തെ പ്രധാന ക്യാമ്പ് സെന്ററായിരുന്നു. മാര്‍ത്തോമ്മാ സഭയുടെ സണ്ഡേസ്കൂള് സമാജത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലവും കെട്ടിടങ്ങളുമാണെങ്കിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ക്യാമ്പുകളും സമ്മേളനങ്ങളും നടത്താന്‍ ചരല്‍ക്കുന്ന് തെരഞ്ഞെടുത്തുവന്നു. പ്രകൃതി രമണീയതയും ശാന്തതയുമെല്ലാം ചരല്‍ക്കുന്നിനെ വ്യത്യസ്തമാക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പുറംലോകവുമായി അധികം ബന്ധമില്ലാത്ത ഒരു സാഹചര്യവും ചരല്ക്കുന്നിനു മുമ്പുണ്ടായിരുന്നു. യാത്രാ സൗകര്യം കുറവായതിനാല്‍ ഇവിടെനിന്നും ക്യാമ്പ് കഴിയാതെ ആര്‍ക്കും പോകാനാകില്ലെന്ന ഒരു പ്രത്യേകതയുമുണ്ടായിരുന്നു. ഇന്നു സാഹചര്യങ്ങള്‍ മാറിയെങ്കിലും പല ക്യാമ്പുകള്‍ക്കും ചരല്‍ക്കുന്ന് വേദിയാകാറുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തിലാണ് ഈ ഭൂപ്രദേശം.
കേരള കോണ്‍ഗ്രസ് ക്യാമ്പുകളാണ് ചരല്‍ക്കുന്നിനെ ഏറെ ശ്രദ്ധേയമാക്കിയത്. 1975ല്‍ കെഎസ്്സി ക്യാമ്പിന്റെ ഉദ്ഘാടന വേദിയിലുണ്ടായ തര്‍ക്കമാണ് കെ.എം. മാണിയും പി.ജെ. ജോസഫും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ആദ്യം വേദിയൊരുങ്ങിയത്. വീണ്ടും 1979ല്‍ കെ.എം. മാണിയും പി.ജെ. ജോസഫും തമ്മിലുള്ള വേര്‍പിരിയലിനു വേദിയായത് ചരല്‍ക്കുന്നിലാണ്. മുന്‍ എംഎല്‍എ ജോര്‍ജ് ജെ.മാത്യുവിനെ പുറത്താക്കിയതും ഡോ.ജോര്‍ജ് മാത്യുവിന്റെ മന്ത്രി സാധ്യത അട്ടിമറിച്ചതും ടി.എസ്. ജോണിനെ മന്ത്രി സ്ഥാനത്തെത്തിച്ചതും പി.സി. തോമസ്, സ്കറിയ തോമസ് തുടങ്ങിയവരുടെ ഉദയവുമെല്ലാം ചരല്‍ക്കുന്ന് കേരള കോണ്‍ഗ്രസ് ക്യാമ്പുകളിലൂടെയാണ്. 1985ല്‍ കേരള കോണ്‍ഗ്രസ് ജോസഫ് പിളര്‍ന്ന് ടി.എം. ജേക്കബ് പുതിയ പാര്‍ട്ടിയുമായി രംഗപ്രവേശം ചെയ്തതും ചരല്‍ക്കുന്നിലാണ്.
പലപ്പോഴായി യോജിക്കുകയും പിളരുകയും ചെയ്ത കെ.എം. മാണിയും പി.ജെ. ജോസഫും ഒന്നിച്ചുതന്നെ ചരല്‍ക്കുന്ന് ക്യാമ്പുകളെ സജീവമാക്കിയിട്ടുമുണ്ട്. ഇന്നും ഇരുവരും ഒന്നിച്ചാണ് ചരല്ക്കുന്നിലേക്കെത്തുന്നത്. ഒന്നിച്ചെത്തുന്നവര് ഒന്നിച്ചുതന്നെ ഇവിടെനിന്നു മടങ്ങുമെന്നാണ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.