
ഇതാ വീണ്ടുമൊരു വാലന്റൈൻസ് ഡേ വന്നെത്തി. പ്രണയം മനസിൽ സൂക്ഷിക്കുന്നവർ കാത്തിരുന്ന സുവർണ ദിനം. ഉള്ളു തുറന്നു പ്രണയിക്കാൻ പറ്റിയ ദിനം. പ്രണയത്തിനു കണ്ണും മൂക്കും ഒന്നും ഇല്ല. ആർക്കും എപ്പോൾ വേണമെങ്കിലും പ്രണയിക്കാം.
പ്രണയത്തിനായുള്ള ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. എല്ലാവരും ധൈര്യമായി, ഒട്ടും സമയം പാഴാക്കാതെ ഇന്നത്തെ ദിവസം പ്രണയിച്ചോളൂ എന്നു പറയുന്ന ഒരു തോന്നൽ എല്ലാ ചെറുപ്പക്കാരുടെ മനസിലും ഇന്നത്തെ ദിവസമുണ്ട്.
മനസിൽ കൊണ്ടുനടക്കുന്ന പ്രണയം പങ്കാളിയോട് തുറന്നുപറയാൻ ഇന്നത്തെ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നവരും ഉണ്ട്. നമ്മുടെ നാട്ടിൽ ഈ അടുത്ത കാലത്താണ് വാലന്റൈൻസ് ഡേ ആഘോഷിച്ചു തുടങ്ങിയത്. എന്നാൽ പുറം രാജ്യങ്ങളിൽ ഇത് പണ്ടുമുതലേ ഉണ്ട്.
ലവേഴ്സ് ഡേ എന്നു പറയുന്നതിനു പകരം വെസ്റ്റേണ് രാജ്യങ്ങളിൽ ഇതിനു സെന്റ്. വാലന്റൈൻസ് ഡേ എന്നാണ് പറയുന്നത്. ചെറിയൊരു ആഘോഷമായി തുടങ്ങിയ വാലന്റൈൻസ് ഡേ ഇന്ന് ലോകം മുഴുവൻ വലിയൊരു കാര്യമായി ആഘോഷിക്കുന്നു.
90കളുടെ ആദ്യത്തിലാണ് വാലന്റൈൻസ് ഡേ ഇന്ത്യയിലേക്ക് കടന്നുവന്നത്. ആ സമയത്ത് ഈ ദിനം ആഘോഷിക്കുന്നതിനെതിരേ പലരും രംഗത്തുവന്നു. അന്യനാട്ടിലെ ആചാരം നമ്മളെന്തിന് ആഘോഷിക്കണം എന്നായിരുന്നു പലരുടെയും ചോദ്യം.
വാലന്റൈൻസ് ഡേയ്ക്കെതിരേ പല വിമർശനങ്ങളും പല ഭാഗത്തുനിന്നും വന്നെങ്കിലും നമ്മുടെ ചെറുപ്പക്കാർ അതിനെയെല്ലാം അവഗണിച്ചു. അവർ കൂടുതൽ കരുത്തോടെ ഈ ദിനം കൊണ്ടാടുന്നു. പ്രണയിക്കുന്നവർക്ക് പൂക്കളും സമ്മാനങ്ങളും മനസും കൈമാറി അവർ വിമർശനങ്ങളെ നേരിട്ടു.
ചുവന്ന നിറത്തിലുള്ള റോസാപ്പൂവാണ് ഈ ദിനം കമിതാക്കൾ പരസ്പരം കൈമാറുന്നത്. പൂക്കളോടൊപ്പം ആശംസാകാർഡുകളും ഹൃദയത്തിന്റെ ആകൃതിയിൽ ഉള്ള കേക്കുകളും ചോക്ലേറ്റ് പെട്ടികളും ആഭരണങ്ങളും അങ്ങനെ പലതും പരസ്പരം കൈമാറുന്നു. ഇന്നത്തെ ദിവസം കമിതാക്കളുടേതാണ്. അവർ പ്രണയിച്ചോട്ടേ, നമുക്ക് ആശംസകൾ നേരാം.
തയാറാക്കിയത്:
ഒാമന ജേക്കബ്, ചങ്ങനാശേരി