തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമത്തിന്റെ അൻപതാം വാർഷിക സമ്മേളനത്തിൽ മുഖ്യമന്ത്രി അച്യുത മേനോനെ തമസ്കരിച്ചെന്ന സിപിഐയുടെ ആരോപണത്തിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.
ഭൂപരിഷ്കരണം ആദ്യഘട്ടം ഇഎംഎസ് സർക്കാർ ഫലപ്രദമായി നടപ്പാക്കിയെന്ന് പിണറായി വിജയൻ പറഞ്ഞു. ചരിത്രം സാവകാശം ഇരുന്നു പഠിച്ചു മനസിലാക്കിയാൽ ഇത്തരം ഒരു ആക്ഷേപവും ഉന്നയിക്കാൻ കഴിയില്ല. മഹാപരാധം സംഭവിച്ചു എന്ന മട്ടിലാണ് പറയുന്നത്. ഇവർക്ക് ചരിത്രം അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലരെ ആക്ഷേപിക്കാൻ നിന്നില്ല എന്നത് ശരിയാണ്. കാർഷിക ബന്ധ ബില്ലിനെ തകർക്കാൻ കൂട്ടു നിന്നവരുടെ പേരെടുത്തു താൻ പറയാൻ നിന്നില്ല. സർക്കാർ ചെയ്തത് പറഞ്ഞു. മിച്ച ഭൂമി ഇല്ലാതായത് അങ്ങനെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പാർട്ടി മുഖപത്രമായ ജനയുഗത്തിലൂടെയായിരുന്നു സിപിഐ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്. അച്യുതമേനോനെ പരാമർശിക്കാത്ത പ്രസംഗം ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്നും ജനയുഗം പറയുന്നു. ചരിത്രവസ്തുതകളെ മുഖ്യമന്ത്രി മനപ്പൂർവം വിസ്മരിച്ചു. ചരിത്രം ഐതിഹ്യങ്ങളൊ കെട്ടുകഥകളൊ അല്ല. യാഥാർഥ്യങ്ങൾ അംഗീകരിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ജനയുഗം ഓർമ്മിപ്പിക്കുന്നു.
ചരിത്രത്തോട് തെല്ലും സത്യസന്ധത പുലർത്താതെ വളച്ചൊടിക്കുകയും ദുർവ്യാഖ്യാനം നടത്തുകയും ചെയ്യുന്ന കാലഘട്ടമാണ് ഇപ്പോഴത്തേത്. കേരളത്തിന്റെ ചരിത്രയാഥാർഥ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.