കെ.ഷിന്റുലാല്‍
കോഴിക്കോട് : സംസ്ഥാനത്തു നാലുവര്‍ഷത്തിനിടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചത് 400 കുറ്റവാളികള്‍.
14 ജില്ലകള്‍ കേന്ദ്രീകരിച്ചു മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ.വി.സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് വിദേശത്തുനിന്ന് അനധികൃതമായി സ്വര്‍ണം കടത്തുന്നവരെയും അവ തട്ടിയെടുക്കുന്നവരേയും കണ്ടെത്തുകയും കുറ്റവാളികളുടെ “ഹിറ്റ് ലിസ്റ്റ് ‘ തയാറാക്കുകയും ചെയ്തത്.
കഴിഞ്ഞ നാലു വര്‍ഷമായുള്ള സംഭവങ്ങളിലുള്പ്പെട്ടവരാണ് പട്ടിയിലുള്ളത്. നേരത്തെ കേസുകളിലുള്‍പ്പെട്ടവരും ഇതുവരെയും നിയമത്തിനു മുന്നില്‍ ഉള്പ്പെടാതിരിക്കുന്നവരും പട്ടിയിലുണ്ട്.
കരിപ്പൂര്‍ സ്വര്‍ണക്കടത്തും രാമനാട്ടുകര വാഹനാപകടവും ഏറെ ചര്‍ച്ചയായതിനു പിന്നാലെയാണ് സ്വര്‍ണക്കടത്ത് തടയുകയെന്ന ലക്ഷ്യത്തോടെ ഡിജിപിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്.
തുടര്‍ന്ന് അന്വേഷണത്തിന് എസ്പിയെ ചുമതലപ്പെടുത്തുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്.
സ്വര്ണക്കടത്തിനോടനുബന്ധിച്ചുള്ള നിരവധി സംഭവങ്ങള്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനു പുറമേ പോലീസില്‍ രജിസ്റ്റര്‍ ചെയ്യാത്ത സംഭവങ്ങളും നിരവധിയാണ്.
ഇത്തരം സംഭവങ്ങളിലുള്പ്പെട്ടവര് ആരാണെന്നും മറ്റുമുള്ള വിവരങ്ങള്‍ സഹിതമാണ് ക്രിമിനലുകളുടെ പട്ടിക തയാറാക്കിയത്.
എല്ലാ ജില്ലകളിലേയും ക്രൈംറെക്കോര്‍ഡ് ബ്യൂറോയില്‍ നിന്നും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചശേഷമാണ് പട്ടിക തയാറാക്കിയത്.
കാരിയര്‍മാരും കുടുങ്ങും
വിദേശത്തുനിന്നു സ്വര്‍ണം കടത്തുന്ന കാരിയര്മാര്ക്കെതിരേ പോലീസ് നിയമ നടപടി സ്വീകരിക്കാറില്ല. കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ഡിആര്‍ഐയുമാണ് നടപടിയെടുക്കുന്നത്.
സ്വര്‍ണത്തിന്റെ നികുതിയും പിഴയും ഈടാക്കിയാല്‍ നിയമനടപടി അവസാനിക്കും. ഇത്തരത്തില്‍ നിയമനടപടി് അതിവേഗത്തില്‍ തീര്പ്പാകുന്നതിനാല് കൂടുതല്‍ പേര് കാരിയറായി രംഗത്തെത്താന്‍ തുടങ്ങി.
ഇതോടെയാണ് സംസ്ഥാനത്തേക്കു വിദേശത്തുനിന്നുള്ള സ്വര്‍ണം ഒഴുകിയെത്താന്‍ തുടങ്ങിയത്. സ്വര്‍ണക്കള്ളക്കടത്ത് തടയാന്‍ ഇനി കാരിയര്മാര്ക്കെതിരേയും പോലീസ് നടപടി സീകരിക്കും.
അതിനാലാണ് കേന്ദ്ര ഏജന്‍സികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും കാരിയര്മാരിലേക്കു സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്യുന്നത്. ഇവരുടെ സാമ്പത്തിക സ്രോതസുള്‍പ്പെടെയുള്ള കാര്യങ്ങളിലും പോലീസ് അന്വേഷണം നടത്തും.
മലബാറില്‍ മാത്രം 300 ലേറെ സംഭവങ്ങള്‍
സ്വര്‍ണം കടത്തുന്നവരില്‍ പലര്‍ക്കും സ്വര്‍ണം നഷ്ടമാവുകയും സ്വര്‍ണം തട്ടിയെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, പലരും പോലീസില്‍ പരാതി പോലും നല്‍കിയിട്ടില്ല. പാലക്കാടുള്പ്പെടെയുള്ള മലബാര്‍ ജില്ലകളില്‍ മാത്രം സ്വര്ണക്കടത്തിനോടനുബന്ധിച്ചുള്ള തട്ടികൊണ്ടുപോകല്‍, കവര്‍ച്ച തുടങ്ങി മുന്നൂറിലേറെ സംഭവങ്ങളാണുള്ളതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
വിദേശത്തുനിന്ന് എത്തുന്ന കാരിയര്‍മാര്‍ മുതല്‍ കുപ്രസിദ്ധ ഗുണ്ടകള്‍ വരെ ഇത്തരം സംഭവങ്ങളിലുള്പ്പെട്ടിട്ടുണ്ട്.
ഇവരില്‍ സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയാണ് പ്രധാനമായും പട്ടികയിലുള്‍പ്പെടുത്തിയത്. കോഴിക്കോട്ടെ കൊടുവള്ളി സംഘവും കാസര്‍ഗോഡ്, കണ്ണൂര്‍ എന്നിവിടങ്ങളിലെ സ്വര്‍ണക്കടത്ത് സംഘവുമെല്ലാം ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുള്‍പ്പെട്ടിട്ടുണ്ട് .
പോലീസിന്റെ കണക്കില്‍ 28 കേസ് മാത്രം
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്തത് 28 കേസുകള്‍ മാത്രമാണ്.
2016 ജൂണ്‍ ഒന്നു മുതല്‍ ഈവര്‍ഷം സെപ്റ്റംബര്‍ വരെ 28 കേസുകള്‍ മാത്രമാണ് സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് കണക്കുകള്‍.
അഞ്ചുവര്‍ഷത്തിനിടെ തിരുവനന്തപുരം, കൊല്ല, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, എന്നീ ജില്ലകളില്‍ ഒരു സ്വര്‍ണക്കടത്ത്, പോലും പോലീസ് പിടികൂടിയിട്ടില്ല. അതേസമയം, ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയതു പാലക്കാട് ജില്ലയിലാണ്.
16 കേസുകളാണ് പാലക്കാട് മാത്രം രജിസ്റ്റര്‍ ചെയ്തത്. ഇവിടെ 16 സ്വര്‍ണക്കടത്ത് കേസാണ് പിടികൂടിയത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് സ്വര്‍ണം എത്തുന്ന കരിപ്പൂര്‍ വിമാനതാവളമുണ്ടായിട്ടും മലപ്പുറത്ത് അഞ്ചു വര്‍ഷത്തിനിടെ രണ്ടു സ്വര്‍ണക്കടത്ത് കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.
കോഴിക്കോട് സിറ്റിയില്‍ ഒരു സ്വര്‍ണക്കടത്ത് കേസ് മാത്രമാണ് അഞ്ചു വര്‍ഷത്തിനിടെ പോലീസ് പിടികൂടിയത്. വയനാട്ടില്‍ രണ്ടു കേസുകളുണ്ട്.
വിമാനത്താവളമുണ്ടായിട്ടും കണ്ണൂരില്‍ ഒരു സ്വര്‍ണക്കടത്ത് കേസ് പോലും പിടികൂടിയിട്ടില്ല. കാസര്‍ഗോഡ് ആറ് സ്വര്‍ണക്കടത്ത് കേസാണുള്ളത്.