ജർമൻ സ്വേഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെ ആത്മഹത്യാക്കുറിപ്പ് എന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം അവസാനമായി എഴുതിയ ടെലഗ്രാഫ് വിൽപ്പനയ്ക്ക്. കാമുകി ഇവാ ബ്രൗണിനൊപ്പം ആത്മഹത്യ ചെയ്തതിന്റെ തലേദിവസം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആർമി കമാൻഡർ ഫെർഡിനാൻഡ് ഷോർനെറിന് എഴുതിയതാണ് ആ ടെലഗ്രാം.
ഫെർഡിനാൻഡ് എത്രയും വേഗം ബെർലിൻ വിട്ട് പടിഞ്ഞാറൻ ജർമനിയിലേക്ക് പോകണമെന്ന് ടെലഗ്രാമിൽ ആവശ്യപ്പെടുന്നു. താൻ ധൈര്യപൂർവം ബെർലിനിൽ തുടരുകയാണെന്നും അത് എല്ലാവർക്കും ഒരു നല്ല മാത്യക നൽകുമെന്നും ഹിറ്റ്ലർ പറയുന്നു. ബെർലിനെ രക്ഷിക്കാൻ പരമാവധി പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
അമേരിക്കയിലെ മേരിലാൻഡിലുള്ള അലക്സാണ്ടർ ഹിസ്റ്റോറിക്കൽ ഓക്ഷൻസാണ് ഈ ടെലഗ്രാം ലേലത്തിൽ വച്ചിരിക്കുന്നത്. കുറഞ്ഞത് 60 ലക്ഷം രൂപയെങ്കിലും ഈ ടെലഗ്രാമിന് ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഈ ടെലഗ്രാം ഹിറ്റ്ലറുടെ ആത്മഹത്യക്കുറിപ്പാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. താനൊരു ധൈര്യശാലിയായ നേതാവാണെന്ന് പറയാൻ ഈ ടെലഗ്രാമിലൂടെ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും യഥാർഥത്തിൽ സംഭവിച്ചത് അതല്ല.
ബെർലിനിൽ നിന്ന് രക്ഷപ്പെട്ട് വടക്കൻ ജർമനിയിലെത്തി സേനയെ നയിക്കണമെന്ന് ആവശ്യപ്പെട്ട് കമാൻഡർ ഫെർഡിനാൻഡ് ഹിറ്റ്ലറിന് നേരത്തെ ഒരു കുറിപ്പ് അയച്ചിരുന്നു. എന്നാൽ അതിനൊന്നും ധൈര്യം കാണിക്കാതിരുന്ന ഹിറ്റ്ലർ ഒടുവിൽ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു.