സംരക്ഷിക്കേണ്ടവര്‍ ചൂഷണം ചെയ്യുന്നു! എച്ച്‌ഐവി പോസിറ്റീവായ പെണ്‍കുട്ടികളെ കൊണ്ട് മാന്‍ഹോളിലെ മാലിന്യം കോരിക്കുന്നു; സംഭവം പുറത്തായത് വൈറലായ വീഡിയോയിലൂടെ

child_labourദയ അനുകമ്പ തുടങ്ങിയ വാക്കുകളെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്തവര്‍ അനാഥാലയം നടത്തിയാല്‍ എന്തായിരിക്കും അവിടെ സംഭവിക്കുക. ഇത്തരത്തിലുള്ള ഏതാനും ആളുകള്‍ നടത്തുന്ന ഹൈദരാബാദിലെ അനാഥാലയത്തിലാണ് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ അരങ്ങേറിയത്. 200ലധികം കുട്ടികളുളള ഹൈദരാബാദിലെ ഉപ്പലിലെ അനാഥാലയത്തില്‍ അന്തേവാസികളെ കൊണ്ട് മാന്‍ഹോള്‍ വ്യത്തിയാക്കിപ്പിക്കുകയായിരുന്നു അധികൃതര്‍. എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ താമസിക്കുന്നതിനാല്‍ ഇവിടേയ്ക്ക് ആരും  വൃത്തിയാക്കാന്‍ എത്താറില്ലെന്നും അതുകൊണ്ടാണ് കുട്ടികളെ കൊണ്ടുതന്നെ മാന്‍ഹോള്‍ വൃത്തിയാക്കിപ്പിക്കുന്നതെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

cl

തുടര്‍ന്ന് അനാഥാലയം നടത്തിപ്പുകാരെ പോലീസ് അറസ്റ്റ് ചെയ്തു. എച്ച്.ഐ.വി ബാധിതരായ പെണ്‍കുട്ടികളുള്‍പ്പടെയുള്ള അന്തേവാസികളെയാണ് നിര്‍ബന്ധിച്ച് മാന്‍ഹോള്‍ കഴികിപ്പിച്ചത്. മാന്‍ഹോള്‍ വൃത്തിയാക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ചുവന്ന ചുരിദാര്‍ ധരിച്ച, മുഖത്ത് സ്‌കാര്‍ഫ് കെട്ടിയ പെണ്‍കുട്ടി മാന്‍ഹോളില്‍ നിന്നും മാലിന്യം ഒരു മഗ്ഗില്‍ കോരുന്നതായിരുന്നു വീഡിയോ. പെണ്‍കുട്ടി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മുതിര്‍ന്ന സ്ത്രീയേയും വീഡിയോയില്‍ കാണാം. സ്വരൂപ് നഗര്‍ വാസിയായ ഒരാള്‍ സംഭവം കാണുകയും തുടര്‍ന്ന് രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്യുകയായിരുന്നു.

ഇയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അനാഥാലയത്തിലെ വാര്‍ഡനെതിരെ ചൈല്‍ഡ് ലേബര്‍ ആക്ട് പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 ഉം അനുസരിച്ച് കേസെടുത്തെന്ന് ഉപ്പല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞതായി ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. 230 കുട്ടികള്‍ താമസിക്കുന്ന അനാഥാലയത്തില്‍ 90 പേര്‍ എച്ച്.ഐ.വി ബാധിതരാണ്. എച്ച്.ഐ.വി പോസിറ്റീവായ 12 പെണ്‍കുട്ടികളെ കൊണ്ട് മാന്‍ഹോള്‍ വൃത്തിയാക്കിപ്പിച്ചെന്ന്  പരാതി ലഭിച്ചതായി ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടിവ്സ്റ്റായ അച്യൂത റാവു പറയുന്നു.

Related posts