ലക്നൗ: കൂടുതൽ സ്ത്രീധനം നൽകാത്തതിനെത്തുടർന്ന് ഭർതൃവീട്ടുകാർ ബലമായി യുവതിക്ക് എച്ച്ഐവി കുത്തിവച്ചെന്നു പരാതി. യുവതിയുടെ പിതാവാണു പരാതിയുമായി രംഗത്തെത്തിയത്. എസ്യുവി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്ന് ആവശ്യപ്പെട്ടു തന്റെ മകൾ നിരന്തരപീഡനത്തിന് ഇരയായെന്നും എച്ച്ഐവി അണുവിനെ ശരീരത്തിൽ കുത്തിവച്ചെന്നും പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിലെ ഗംഗോ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
2023 ഫെബ്രുവരി 15നായിരുന്നു ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ അഭിഷേക് എന്ന സച്ചിനുമായി യുവതിയുടെ വിവാഹം. 15 ലക്ഷം രൂപയും കാറും സ്ത്രീധനമായി നൽകി. എന്നാൽ, ഭർതൃവീട്ടുകാർ സന്തുഷ്ടരായില്ല. എസ്യുവി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു അവരുടെ ആവശ്യം.
എന്നാൽ ഈ ആവശ്യം നിറവേറ്റാൻ കഴിയില്ലെന്നു യുവതിയുടെ വീട്ടുകാർ അറിയിച്ചു. തുടർന്ന് യുവതിയെ ഭർതൃവീട്ടുകാർ വീട്ടിൽനിന്നു പുറത്താക്കി. പിന്നീട്, പഞ്ചായത്ത് അധികൃതർ ഇടപെട്ടു യുവതിയെ ഭർതൃവീട്ടിലേക്ക് തിരിച്ചയച്ചു. തുടർന്ന്, യുവതിക്കു കൊടിയപീഡനമാണ് ഏൽക്കേണ്ടിവന്നത്.
യുവതിയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് എച്ച്ഐവി ബാധയുണ്ടെന്നു ഡോക്ടർമാർ കണ്ടെത്തിയത്. ഭർത്താവിനെ പരിശോധിച്ചപ്പോൾ എച്ച്ഐവി നെഗറ്റീവാണ്. പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടർന്നാണ് യുവതിയുടെ കുടുംബം കോടതിയെ സമീപിച്ചത്. കോടതി ഉത്തരവു പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.