ലോകത്ത് ആദ്യമായി എച്ച്ഐവി പോസിറ്റീവ് ആയ രോഗിയിൽനിന്ന് മറ്റൊരാൾക്ക് വൃക്ക മാറ്റിവച്ചു. അമേരിക്കയിലെ മെരിലൻഡിൽ ബൾടിമോറിലെ ജോൺസ് ഹോപ്കിൻസിലുള്ള ആശുപത്രിയിലാണ് അത്യപൂർവ ശസ്ത്രക്രിയ നടന്നത്. രണ്ട് രോഗികളും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ലോകത്ത് ആദ്യമായാണ് ജീവിച്ചിരിക്കുന്ന എച്ച്ഐവിയുള്ള രോഗി വൃക്കം ദാനം ചെയ്യുന്നതെന്ന് ശസ്ത്രക്രിയക്കു നേതൃത്വം നൽകിയ ഡോക്ടർ ഡോറി സെഗേവ് പറഞ്ഞു. നേരത്തെ കരുതിയിരുന്നത് എച്ച്ഐവിയുള്ളതിനാൽ ദാതാവിന് വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരുന്നു എന്നാണ്. എന്നാൽ പുതിയ തരം ആന്റി-റിട്രോവൈറൽ മരുന്നുകൾ ഇത്തരത്തിലുള്ള വൃക്കരോഗത്തിനു ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശസ്ത്രക്രിയ ബുദ്ധിമുട്ടേറിയതായിരുന്നെന്ന് ജോൺസ് ഹോപ്കിൻസിലെ ആശുപത്രി അർബുദവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ക്രിസ്റ്റിനെ ഡുറാൻഡ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. അറ്റ്ലാന്റാ സ്വദേശി നിന മാർട്ടിനസ് (35) ആണ് വൃക്ക ദാനം ചെയ്തത്. മികച്ചൊരു അനുഭവമായിരുന്നു ഇതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.