ചങ്ങനാശേരി: സ്കൂൾ വിദ്യാർഥിനിക്കു ലഹരിമരുന്നു നൽകി പീഡിപ്പിക്കുകയും സ്വർണവും പണവും അപഹരിക്കുകയും ചെയ്ത സംഭവത്തിൽ വൻ സംഘം പിന്നിലുള്ളതായി സൂചന.
കേസിൽ പോലീസ് പിടിയിലായ യുവാവിനെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു റിമാൻഡ് ചെയ്തു. കാവാലം കട്ടക്കുഴിച്ചിറ ജോസ്ബിൻ(19) ആണ് ഇന്നലെ പോലീസ് പിടിയിലായത്.
ചങ്ങനാശേരി നഗരത്തിലെ ഒരു സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവിനെ കൂടാതെ മറ്റ് ജില്ലകളിലുള്ളവരുൾപ്പെടെ ഏതാനും യുവാക്കൾക്കൂടി സംഘത്തിലുള്ളതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ഈ സംഘത്തിൽപ്പെട്ടവർ സ്കൂൾ കുട്ടികൾക്ക് ലഹരി മരുന്ന് നൽകി വരുതിയിലാക്കുന്നതായും പോലീസ് പറഞ്ഞു.
ചങ്ങനാശേരി ഡിവൈഎസ്പി വി.ജെ. ജോഫിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി എസ്എച്ചഒ ആസാദ് അബുൾ കലാം, ക്രൈം എസ്ഐ രമേശൻ, ആന്റണി മൈക്കിൾ, പി.കെ. അജേഷ് കുമാർ, ജീമോൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേസിനെക്കുറിച്ച് പോലീസിന്റെ വിശദീകരണം ഇങ്ങനെ, 2020 ജൂണ്‍ മുതൽ ജോസ്ബിൻ പെണ്‍കുട്ടിയുമായി സോഷ്യൽ മീഡിയ വഴി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ചു.
ആദ്യം രണ്ടു ഗ്രാം തൂക്കമുള്ള സ്വർണക്കമ്മലും തുടർന്ന് പാദസരം, മാല തുടങ്ങി അഞ്ചര പവനോളം സ്വർണാഭരണം അപഹരിച്ചെടുക്കുകയായിരുന്നു.
രാത്രി കാലങ്ങളിൽ വീടിനു മുന്പിൽ ബൈക്കുകൾ വന്നു നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ട് സംശയം തോന്നിയ രക്ഷിതാവ് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പ്രതിയുമായുള്ള ബന്ധം കണ്ടുപിടിച്ചത്. തുടർന്ന് രക്ഷിതാവ് നൽകിയ പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്വർണാഭരണങ്ങൾ ആലപ്പുഴയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും പോലീസ് കണ്ടെടുത്തു.
മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ചങ്ങനാശേരി നഗരത്തിൽ നിന്നുമാണ് പ്രതി പടിയിലായത്.