കൊച്ചി: പ്രതിഷേധത്തിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്നു ലക്ഷദ്വീപില്‍. വിവാദ ഉത്തരവുകളെ തുടര്‍ന്ന് ദ്വീപില്‍ പ്രതിഷേധം പടര്‍ന്നതിനുശേഷം ഇതാദ്യമായാണ് അഡ്മിനിസ്ട്രേറ്റര്‍ ദ്വീപിലെത്തുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ദേനതൃത്വത്തില് ഇന്ന് കരിദിനം ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി വീടുകളിലും മറ്റും കരിങ്കൊടികൾ ഉയർത്തിയിട്ടുണ്ട്.
അതേ സമയം ഈ കൊടികൾ മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കരിങ്കൊടി ഉയർത്തിയതിന്റെ ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
രാവിലെ കൊച്ചിയിലെത്തിയശേഷം പിന്നീട് ലക്ഷദ്വീപിലേക്കു യാത്ര തിരിക്കാനായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി.
അഡ്മിനിസ്ട്രേറ്റര്‍ നെടുമ്പാശേരിയില്‍ എത്തുന്നുവെന്നറിഞ്ഞു എംപിമാരായ ഹൈബി ഈഡന്, ടി.എന്‍. പ്രതാപന്, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. അഡ്മിനിസ്ട്രേറ്ററെ നേരില്‍ കാണുകയായിരുന്നു ലക്ഷ്യമെങ്കിലും നടന്നില്ല.
ലക്ഷദ്വീപിലെത്തുന്ന അഡ്മിനിസ്ട്രേറ്റര്‍ ഇന്ന് സുപ്രധാന ഉത്തരവുകളില്‍ ഒപ്പുവയ്ക്കുമെന്നാണു സൂചന. സിനിമാ പ്രവര്‍ത്തകയായ ആയിഷ സുല്‍ത്താനയ്ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതു ദ്വീപില്‍ വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളത്.
ബിജെപി ലക്ഷദ്വീപ് ഘടകത്തിലും അഭിപ്രായവ്യത്യാസം രൂക്ഷമാണ്. കവരത്തിയില്‍ മാത്രമാകും അഡ്മിനിസ്ട്രേറ്റര്‍ തങ്ങുക. 20 നു തിരിച്ചുപോകും.
ഗുജറാത്തുകാരനായ പ്രഫുല്‍ പട്ടേലിനു അധിക ചുമതലയായി ലഭിച്ചതാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പദവി. അതുകൊണ്ടുതന്നെ വല്ലപ്പോഴും മാത്രമാണ് ലക്ഷദ്വീപില്‍ എത്താറ്.
ലക്ഷദ്വീപു സന്ദര്‍ശിക്കാനുള്ള സന്ദര്‍ശനാനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ലോക്സഭാ സെക്രട്ടറി ജനറലിനു നോട്ടീസ് നല്‍കിയിരിക്കുകയാണ് കേരളത്തില്‍നിന്നുള്ള എംപിമാര്‍.