എടക്കര: ചുങ്കത്തറ കൈപ്പിനി പാലത്തിന് സമീപം പഴക്കം ചെന്ന തലയോട്ടി കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് ആറോടെയാണ് കുളിക്കാനെത്തിയ കുറന്പലങ്ങോട് സ്വദേശികളായ ഫൈസൽ മേച്ചേരി, എം.പി.ഷാജി എന്നിവരാണ് ചാലിയാറിന്റെ കരയിൽ തലയോട്ടി കണ്ടെത്തിയത്. തലയോട്ടിയുടെ പൊട്ടലിലൂടെ ഉള്ളിൽ മണ്ണും ചെളിയും നിറഞ്ഞ നിലയിലായിരുന്നു.
വിവരമറിഞ്ഞ് പോത്തുകൽ എസ്ഐ കെ.എ.അബ്ബാസിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി തലയോട്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത ദിവസം ഡിഎൻഎ പരിശോധനക്കായി തലയോട്ടി കോഴിക്കോട്ടെ ഫോറൻസിക് ലാബിലേക്ക് അയക്കും. പ്രളയത്തിൽ ഒലിച്ചുവന്നതാകാമെന്നും സംസ്കരിച്ച മൃതദേഹത്തിന്റെ തലയോട്ടി പുറത്തായതാകാമെന്നുമൊക്കെയാണ് പോലീസിന്റെ നിഗമനം.