ചങ്ങനാശേരി: “നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ സിനിമയിലെ യാത്രയുടെ പ്രചോദനം കരുത്തായപ്പോൾ കോട്ടയം ഇത്തിത്താനം സ്വദേശിയായ യുവാവ് ബുള്ളറ്റിൽ കുതിച്ചത് 6,427 കിലോമീറ്റർ. ഇത്തിത്താനം സ്വദേശി ഗ്ലാഡിൻരാജ് എന്ന ഇരുപത്തിമൂന്നുകാരനാണ് കന്യാകുമാരിയിൽനിന്നു കാഷ്മീരിലേക്കു ബുള്ളറ്റിൽ കുതിച്ചത്.
സമുദ്രനിരപ്പിൽനിന്ന് 18,380 അടി ഉയരത്തിലുള്ള ഖാർദുംഗ്ലയിലെത്തിയ അഭിമാനമാണ് ഈ യുവാവ് സ്വന്തമാക്കിയത്. ലോകത്തിലെതന്നെ ഏറ്റവും ഉയരംകൂടിയ പ്രദേശമാണിത്. രാജസ്ഥാനിലെ ബിക്കാനീർ സ്വദേശി രാജു ജാട്ട്(23) ബൈക്കിൽ നടത്തിയ യാത്രയുടെ റിക്കാർഡ് ഭേദിച്ചെന്ന ആവേശത്തിലാണ് ഗ്ലാഡിൻരാജ്.
കഴിഞ്ഞ മേയ് 25ന് ഗ്ലാഡിൻരാജ് ചങ്ങനാശേരിയിൽനിന്നു കന്യാകുമാരിയിലെത്തി. അവിടെനിന്നു ഡൽഹിയിലേക്കു പുറപ്പെട്ടു. ഡൽഹിയിൽ രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ.പി.ജെ.കുര്യനാണ് ഗ്ലാഡിൻരാജിന്റെ കാഷ്മീർ യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്.
കേരളത്തിലെയും കർണാടകയിലെയും ശക്തമായ മഴയും രാജസ്ഥാനിലെ 48ഡിഗ്രിവരെ ഉയർന്ന ചൂടും കാഷ്മീരിലെ കൊടിയ ശൈത്യവും കടന്നാണ് ഓക്സിജൻ പോലും കിട്ടാൻ ബുദ്ധിമുട്ടുള്ള ഖാർദുംഗ്ലയിൽ ഗ്ലാഡിൻരാജ് എത്തിയത്.
പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിൽനിന്നു ബിബിഎ ബിരുദം സന്പാദിച്ച ഗ്ലാഡിൻരാജ് ചെറുപ്പം മുതൽ ബൈക്ക് യാത്രയിൽ തത്പരനാണ്. രണ്ടു വർഷം മുന്പ് വാങ്ങിയ ബുള്ളറ്റിൽ പലതവണ കാസർഗോഡ് മുതൽ കന്യാകുമാരിവരെയും ബംഗ ളൂരു, ഗോവ എന്നിവിടങ്ങളിലേക്കും സഞ്ചരിച്ചിട്ടുണ്ട്. കുറെനാളായുള്ള ആഗ്രഹമാണ് ബുള്ളറ്റ് ഓടിച്ച് ഖാർദുംഗ്ലയിലെത്തിയപ്പോൾ പൂവണിഞ്ഞത്.
കോട്ടയം മഹാരാജാസ് കോളജ് അധ്യാപകനായ ഇത്തിത്താനം പവ്വത്തിൽ രാജു ജോസഫിന്റെയും ചങ്ങനാശേരി എസ്ബി ഹൈസ്കൂൾ അധ്യാപിക റോസിലിയുടെയും മകനാണ് ഗ്ലാഡിൻ രാജ്. ബൈക്കിൽ 6,427 കിലോമീറ്റർ അതിസാഹസിക യാത്ര നടത്തി മടങ്ങിയെത്തിയ ഗ്ലാഡിൻ രാജിനു നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് അഭിനന്ദന പ്രവാഹമാണ്.
ഇന്നു രാവിലെ എട്ടിനു പൊടിപ്പാറ തിരുക്കുടുംബം പള്ളിയിൽ വികാരി ഫാ.ജോസഫ് മുളവനയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗ്ലാഡിൻ രാജിന് അനുമോദനം നേരും. ഓഗസ്റ്റിൽ ഉപരിപഠനത്തിനായി യൂറോപ്പിലേക്കു പോകാനുള്ള തയാറെടുപ്പിലാണ് ഈ യുവാവ്. ഏകസഹോദരി ഗീതു ഡൽഹിയിൽ സോഫ്റ്റ് വെയർ എൻജിനിയറാണ്.